നാലു പതിറ്റാണ്ടിനു ശേഷം ഹോക്കിയില് ഇന്ത്യയ്ക്ക് ചരിത്ര നിമിഷം

ഇന്ത്യയുടെ സ്വന്തം കളിയാണ് ഹോക്കി. രാജ്യത്തിന്റെ ദേശീയ കായിക ഇനം. എന്നാൽ ഹോക്കിയിൽ ഒരു ഒളിമ്പിക് മെഡൽ അവസാനമായി ഇന്ത്യൻ മണ്ണിലെത്തിയിട്ട് നാല് ദശാബ്ദങ്ങൾ പിന്നിട്ടു കഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ 41 വർഷങ്ങൾ.
ഇത്രയും വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വ്യാഴാഴ്ച ടോക്യോയിലെ ഒ.ഐ സ്റ്റേഡിയത്തിലെ നോർത്ത് പിച്ചിൽ മൻപ്രീതും സംഘവും അന്ത്യം കുറിച്ചത്. ടോക്യോയിൽ രാജ്യത്തിന്റെ അഭിമാനമുയർത്തി മറ്റൊരു ഒളിമ്പിക് മെഡൽ കൂടി ഇന്ത്യയിലേക്ക്. ജർമനിക്കെതിരായ മത്സരത്തിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യൻ സംഘം വെങ്കല മെഡൽ സ്വന്തമാക്കിയിരിക്കുന്നത്. 41 വർഷങ്ങൾക്കു ശേഷം ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യയുടെ ആദ്യ മെഡൽ.
സെമിയിൽ ബെൽജിയത്തോട് തോറ്റെങ്കിലും വെങ്കലപ്പോരാട്ടത്തിൽ മികവ് പുറത്തെടുക്കാൻ ഇന്ത്യൻ സംഘത്തിനായി.
അര നൂറ്റാണ്ടിനു ശേഷം ഒളിമ്പിക് മെഡൽ ജേതാവാകുന്ന മലയാളി എന്ന പരിവേഷം ഇനി ശ്രീജേഷിന് സ്വന്തം. 1972 ഒളിമ്പിക്സിൽ ഹോക്കിയിൽ സെമി ഫൈനൽ കളിച്ച് വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന കണ്ണൂർ സ്വദേശി മാനുവൽ ഫ്രെഡറിക്സാണ് ശ്രീജേഷിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരം.
ഒളിമ്പിക് ഹോക്കിയിൽ ഇതോടെ ഇന്ത്യയ്ക്ക് 12 മെഡലുകളായി. എട്ട് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ. ഹോക്കിയിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് സ്വർണം നേടിയ ടീമും ഇന്ത്യ തന്നെ. എന്നാൽ ആ ടീമിനാണ് കഴിഞ്ഞ നാലു പതിറ്റാണ്ട് കാലം ഒളിമ്പിക് വേദിയിൽ ഒരു പോഡിയം ഫിനിഷ് പോലും സാധ്യമാകാതെ പോയത്.
കഴിഞ്ഞ മൂന്ന് ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് കണ്ണീർക്കഥയാണ് പറയാനുള്ളത്. 2008 ബെയ്ജിങ് ഒളിമ്പിക്സിന് യോഗ്യത പോലും നേടാതിരുന്ന ഇന്ത്യ 2012-ൽ ലണ്ടനിൽ അവസാന സ്ഥാനക്കാരായണ് മത്സരം പൂർത്തിയാക്കിയത്. 2016 റിയോയിൽ നേടിയത് എട്ടാം സ്ഥാനവും. വീഴ്ചകളുടെ ആ പടുകുഴിയിൽ നിന്നാണ് ഇന്ത്യൻ ടീം ഉയർത്തെഴുന്നേറ്റിരിക്കുന്നത്.
റിയോയിൽ തലതാഴ്ത്തി മടങ്ങിയ ശേഷമുള്ള അഞ്ചു വർഷം പിന്നീട് ഇന്ത്യയുടെ ജൈത്രയാത്രയായിരുന്നു. ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനം വരെ എത്തിനിൽക്കുന്നതാണ് ഇന്ത്യയുടെ മികവ്. രണ്ടു വർഷം മുമ്പ് ഓസ്ട്രേലിയൻ പരിശീലകൻ ഗ്രഹാം റീഡ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നതോടെ താരങ്ങളുടെ ആത്മവിശ്വാസം വർധിച്ചു.
റിയോയിലെ വീഴ്ചയ്ക്ക് ഇന്ത്യൻ ടീം കേൾക്കാത്ത പഴികളും വിമർശനങ്ങളുമില്ല. ഇന്ത്യയുടെ ദേശീയ കായിക വിനോദത്തെ ചവറ്റുകൊട്ടയിൽ എറിയേണ്ട സമയമായിരിക്കുന്നു എന്നുവരെ ആളുകൾ പരിഹസിച്ചു. എന്നാൽ അതിലൊന്നും തളരാതെ തോൽവിയിൽ നിന്ന് പുതിയ പാഠങ്ങൾ പഠിച്ചുള്ള ഇന്ത്യയുടെ മുന്നേറ്റത്തിനാണ് ടോക്യോ ഇന്ന് സാക്ഷിയാകുന്നത്.
രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരേ 7-1 ന് തകർന്നശേഷമാണ് ടീം ഐതിഹാസികമായി തിരിച്ചുവന്നത്. പിന്നീട് മൂന്ന് മത്സരങ്ങളും ജയിച്ച് പൂൾ എ യിൽ രണ്ടാംസ്ഥാനക്കാരായി ക്വാർട്ടറിലെത്തി. നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീന വരെ ഇന്ത്യൻ കുതിപ്പിൽ തകർന്നു. അഞ്ചിൽ നാല് കളിയും ജയിച്ചാണ് ഇന്ത്യൻ സംഘം മുന്നേറിയത്. ബ്രിട്ടനെതിരായ ക്വാർട്ടർ ഫൈനലിലും ഇന്ത്യയുടെ ആധിപത്യം കണ്ടു. ഗോൾപോസ്റ്റിന് കീഴിൽ മലയാളി താരം പിആർ ശ്രീജേഷിന്റെ പ്രകടനം കൂടി ആയതോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറുകയായിരുന്നു. പക്ഷേ പിന്നീട് ബെൽജിയത്തിനെതിരേ പിഴച്ചു. പക്ഷേ ജർമനിക്കെതിരേ കരുത്തുറ്റ പ്രകടനവുമായി ടീം ഒരു പോഡിയം ഫിനിഷ് സാധ്യമാക്കി.
1972-ലെ മ്യൂണിച്ച് ഒളിമ്പിക്സിന് ശേഷം ഇന്ത്യ സെമിയിലെത്തിയത് ഇത്തവണയാണ്. 1980-ലെ മോസ്ക്കോ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയിരുന്നെങ്കിലും അന്ന് സെമി മത്സരങ്ങളുണ്ടായിരുന്നില്ല. അതായത് ഒളിമ്പിക്സ് ചരിത്രത്തിൽ 41 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ മികച്ച പ്രകടനത്തിനാണ് ടോക്യോ സാക്ഷ്യം വഹിച്ചത്.
ഇതിന് മുമ്പ് ഹോക്കിയിൽ ഇതുപോലെ ഇന്ത്യയുടെ തേരോട്ടം കണ്ടത് പതിറ്റാണ്ടുകൾക്ക് മുമ്പാണ്. 1928 മുതൽ 1964 വരെ നടന്ന എട്ട് ഒളിമ്പിക്സുകളിൽ ഏഴിലും സ്വർണം ഇന്ത്യയ്ക്കായിരുന്നു. അന്ന് ധ്യാൻചന്ദ് എന്ന ഇതിഹാസ താരമായിരുന്നു ഇന്ത്യയുടെ പടക്കുതിര. 1928, 1932, 1936 ഒളിമ്പിക്സുകളിൽ ഇന്ത്യ തുടർച്ചയായി മൂന്നു സ്വർണം നേടിയപ്പോൾ ടീമിൽ ധ്യാൻചന്ദുമുണ്ടായിരുന്നു. 1960 റോം ഒളിമ്പിക്സിൽ വെള്ളിയും 1968, 1972 ഒളിമ്പിക്സുകളിൽ വെങ്കലവും ഇന്ത്യൻ ടീം നേടി.

