KSDLIVENEWS

Real news for everyone

നടനും പ്രേംനസീറിൻ്റെ മകനുമായ ഷാനവാസ് അന്തരിച്ചു

SHARE THIS ON

തിരുവനന്തപുരം: പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 11:50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നാല് വർഷമായി വൃക്ക – ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. നിരവധി സിനിമകളില്‍ നായക – വില്ലൻ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ഷാനവാസ്.

ആരോഗ്യം വഷളായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ആഷുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. വഴുതക്കാട് ആകാശവാണിക്കു സമീപം കോർഡോണ്‍ ട്രിനിറ്റി 2 ബിയില്‍ ആയിരുന്നു താമസം. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനില്‍ നടക്കും.

മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ച താരമാണ് ഷാനവാസ്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങള്‍’ ആണ് ഷാനവാസിൻ്റെ ആദ്യ സിനിമ. ഇരുപത്തഞ്ചോളം സിനിമകളില്‍ നായകനായി. നിരവധി സിനിമകളില്‍ വില്ലൻ വേഷങ്ങളിലും തിളങ്ങി. ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.

പിതാവ് പ്രേംനസീറിനൊപ്പവും ഷാനവാസ് വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്. ‘ഇവൻ ഒരു സിംഹം’ എന്ന സിനിമയിലാണ് ഇറുവരും ആദ്യമായി ഒരുമിച്ച്‌ അഭിനയിച്ചത്. തുടർന്ന് ഏഴ്‌ സിനിമകളില്‍ ഇരുവരും ഒന്നിച്ചു. സിനിമാരംഗം വിട്ടശേഷം ഗള്‍ഫില്‍ ഷിപ്പിങ് കമ്ബനിയില്‍ മാനേജരായി ജോലി ചെയ്തു. അതിനുശേഷമാണ് സീരിയലില്‍ അഭിനയിച്ചത്. പിന്നീട് വീണ്ടും സിനിമയിലെത്തി. 2011 ല്‍ ചൈനാ ടൗണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള മടങ്ങി വരവ്. പൃഥ്വിരാജ് നായകനായിരുന്ന ജനഗണമനയിലാണ് ഒടുവില്‍ അഭിനയിച്ചത്.

മണിത്താലി, ഗാനം, ഹിമം, ചൈനാ ടൗണ്‍, ചിത്രം, കോരിത്തരിച്ച നാള്‍, മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികള്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.

ചിറയിൻകീഴ് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍, മോണ്ട്‌ഫോർട്ട് സ്‌കൂള്‍, യേർക്കാട് എന്നിവിടങ്ങളില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ന്യൂ കോളേജില്‍നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ മാ‌സ്റ്റേഴ്‌സ് ബിരുദവും നേടി. പരേതയായ ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: അയിഷ അബ്ദുല്‍ അസീസ്. മക്കള്‍: അജിത് ഖാൻ, ഷമീർ ഖാൻ. മരുമകള്‍: ഹന (കൊല്ലം). സഹോദരങ്ങള്‍: ലൈല, റസിയ, റീത്ത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!