KSDLIVENEWS

Real news for everyone

ഉത്തരകാശിയിലെ രണ്ടാമത്തെ മേഘവിസ്ഫോടനം; ക്യാമ്പിലുണ്ടായിരുന്ന സൈനികരെ കാണാനില്ലെന്ന് റിപ്പോർട്ട്

SHARE THIS ON

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ഹർഷിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന സൈനികരെ കാണാതായതായി വിവരം. 8-10 സൈനികരെ കാണാനില്ലെന്നാണ് സൈനിക വക്താവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ മേഘവിസ്ഫോടനമുണ്ടായതിന് പിന്നാലെയാണ് സുഖി ടോപ്പില്‍ സൈനിക ക്യാമ്പിന് സമീപത്തായി വീണ്ടും മേഘവിസ്‌ഫോടനമുണ്ടായതായത്. ധരാലിക്ക് സമീപം സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇത്. രക്ഷാപ്രവര്‍ത്തന സംഘങ്ങളെല്ലാം ധരാലിയിലെ മേഘവിസ്‌ഫോടനം നടന്ന സ്ഥലത്താണെന്നതിനാല്‍ രണ്ടാമത്തെ മേഘവിസ്ഫോടന സ്ഥലത്തെ രക്ഷാപ്രവർത്തനം ഏറെ ആശങ്ക ഉയർത്തുന്നതായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് ആദ്യത്തെ വന്‍ മേഘവിസ്‌ഫോടനമുണ്ടായത്. മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും പെട്ട് അന്‍പതിലധികംപേരെ കാണാതായി. നാലുപേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. വലിയതോതിലുള്ള സ്വത്തുനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണ്ണും വെള്ളവും കുത്തിയൊലിച്ചെത്തി ധരാലി ഗ്രാമത്തെ വിഴുങ്ങുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഓടിരക്ഷപ്പെടാന്‍പോലും സാധിക്കാത്ത വിധം, സെക്കന്‍ഡുകള്‍ക്കൊണ്ട് ഒട്ടേറെ വീടുകളും ഹോട്ടലുകളും ഹോംസ്‌റ്റേകളും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇതിനടിയില്‍ നിരവധി മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ ഭയപ്പെടുന്നത്. മണ്ണും കെട്ടിടാവശിഷ്ടങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നതിനാല്‍ ഇവയ്ക്കടിയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെടുക്കുക എളുപ്പമല്ല. ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനമാണ് ദുരന്തത്തിന് കാരണമായത്. ഇന്ത്യന്‍ സൈന്യം, സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന, പോലീസ് തുടങ്ങിയ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!