കാസർഗോട്ട് വീടുകളില്‍ ചെന്ന് കോവിഡ് പരിശോധന നടത്തുന്ന സംഘം ജില്ലയില്‍ സജീവം, അനുമതി ഇല്ലാതെയെന്ന് അധികൃതര്‍

കാസര്‍കോട് : കോഴിക്കോട് ജില്ലയിലെ ലാബിന്റെ പേരില്‍ വീടുകളില്‍ ചെന്ന് കോവിഡ് പരിശോധന നടത്തുന്ന സംഘം കാസര്‍കോട് . ട്രാവല്‍ റിക്രൂട്ടിങ് ഏജന്‍സിക്കു വേണ്ടി ജില്ലയില്‍ സ്രവം എടുത്ത് കോവിഡ് പരിശോധന നടത്തി കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് സംഘം. വീടുകളില്‍ ആവശ്യക്കാരുടെ സ്രവം എടുക്കാന്‍ നിയോഗിക്കപ്പെട്ട ടെക്‌നീഷന്‍മാര്‍ കാസര്‍കോട് തളങ്കരയില്‍ ഒരു സ്വകാര്യ ഹോസ്റ്റലില്‍ ആണ് തങ്ങുന്നത്. ആവശ്യക്കാര്‍ ബന്ധപ്പെട്ട ഫോണില്‍ ബുക്ക് ചെയ്യുന്നതിനു അനുസരിച്ചാണ് ഇവര്‍ വീടുകളില്‍ എത്തുന്നത്. ജില്ലയില്‍ 10 ടെക്‌നീഷന്‍മാര്‍ ഉണ്ട്. ഇതിനകം ആയിരത്തോളം പേരെ പരിശോധിച്ചു എന്നാണു വിവരം. 3200 രൂപയാണ് നിരക്ക്. വിദേശത്ത് പോകേണ്ടവര്‍ ആണ് പ്രധാനമായും ഇവരുടെ ഗുണഭോക്താക്കള്‍. വിദേശയാത്രയ്ക്കു ട്രാവല്‍ ഏജന്‍സിയെ സമീപിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഈ ലാബ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. സ്രവം കോഴിക്കോട് ലാബില്‍ എത്തിച്ചാണ് കോവിഡ് പരിശോധന നടത്തുന്നതെന്നു ഇവര്‍ പറയുന്നു. ട്രാവല്‍ ഏജന്‍സികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവ ആണ് ഇതിനു പിന്നില്‍.
അനുമതി ഇല്ലാതെ ജില്ലയില്‍ കോഴിക്കോട് ജില്ലയിലെ ലാബിന്റെ പേരില്‍ ഒരു സംഘം വീടുകളില്‍ ചെന്ന് കോവിഡ് പരിശോധന നടത്തുന്നതിനു ആരോഗ്യ വകുപ്പ് അനുമതിയില്ല. തങ്ങള്‍ക്കു അറിയില്ലെന്നാണ് ആരോഗ്യ വകുപ്പ് ജില്ലാ അധികൃതര്‍ പറയുന്നത്. ആരോഗ്യ വകുപ്പ് സെക്രട്ടറി നല്‍കുന്ന അനുമതി അനുസരിച്ച് വിവിധ ജില്ലകളില്‍ സ്വകാര്യ ലാബുകള്‍ കോവിഡ് പരിശോധന നടത്തുന്നു . എന്നാല്‍ മറ്റൊരു ജില്ലയില്‍ പ്രവര്‍ത്തനത്തിനു ആ ജില്ലയിലെ ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതി ആവശ്യമാണ്. സ്രവം നല്‍കുന്നവരുടെയും ഇവരുടെ വീടുകളിലെ മറ്റു അംഗങ്ങളുടെയും സുരക്ഷിതത്വം ഉള്‍പ്പെടെ ഉറപ്പു വരുത്താതെ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന കോവിഡ് പരിശോധന ജില്ലയിലെ ആരോഗ്യ വകുപ്പ് അറിയാതെ നടത്തുന്നത് തന്നെ നിയമ ലംഘനം ആയാണു ആരോപിക്കുന്നത്.

