സ്വീറ്റ് പഫ്സിൽ പുഴു;ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യ വകുപ്പും പരിശോധന നടത്തി

ചെറുവത്തൂർ : ബസ് സ്റ്റാൻഡിനു സമീപത്തെ കൂൾവില്ല ബേക്കറി ആൻഡ് കൂൾബാറിൽ നിന്നു കഴിക്കാൻ നൽകിയ സ്വീറ്റ് പഫ്സിൽ നിന്നു പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യ വകുപ്പ് ജീവനക്കാരും സ്ഥാപനത്തിലെത്തി വിശദമായ പരിശോധന നടത്തി.
കാഞ്ഞങ്ങാട് ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ അനൂപ് ജോസഫ്, ഓഫിസ് ജീവനക്കാരൻ വി.വി.രാജു ചെറുവത്തൂർ, ഗവ.സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.മധു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.സജീവൻ എന്നിവരാണു പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നത്.ഇവർ കൂൾവില്ലയിൽ നിന്നു ഭക്ഷണസാധനങ്ങളുടെയും വെള്ളത്തിന്റെയും സാംപിളുകൾ ശേഖരിച്ചു. കടയിലേക്കു ഭക്ഷണസാധനം തയാറാക്കി നൽകിയ റെയിൽവേ സ്റ്റേഷൻ റോഡിലെ ബേക്കറിയിലും പരിശോധന നടന്നു.
ഏതാനും ദിവസം മുൻപാണ് ഇവിടെ നിന്നു കൂൾബാറിലേക്ക് പഫ്സ് നൽകിയതെന്നു പരിശോധനാസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.പരിശോധനാസംഘം ശേഖരിച്ച സാംപിളുകൾ കോഴിക്കോട് റീജനൽ അനാലറ്റിക് ലാബിൽ അയച്ചു. പരിശോധനാഫലം വന്നാൽ തുടർനപടികളുമായി മുന്നോട്ടു പോകുമെന്ന് ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ പറഞ്ഞു. അതുവരെ കട അടച്ചിടാൻ ഉടമയ്ക്കു നിർദേശം നൽകി.

