KSDLIVENEWS

Real news for everyone

ബുർജ് കലീഫക്ക് പിന്നാലെ  ദുബൈയിൽ ലോകത്ത് തന്നെ ഏറ്റവും ഉയരത്തില് രണ്ടാമനാകാൻ ബുര്‍ജ് അസീസി; അടുത്തവർഷം നിർമാണം

SHARE THIS ON

ദുബൈ: ബുർജ് ഖലീഫക്ക് പിന്നാലെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടവും ദുബൈയില്‍ നിർമിക്കുന്നു. ശൈഖ് സായിദ് റോഡിലാണ് ബുർജ് അസീസി എന്ന പേരില്‍ 725 മീറ്റർ ഉയരത്തിലുള്ള കെട്ടിടം നിർമിക്കുന്നത്.

പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ അസീസി ഡവലപ്മെന്‍റ്സാണ് നിർമാതാക്കള്‍. 131 നിലകളിലായാണ് കെട്ടിടത്തിന്‍റെ നിർമാണം.

ലോകത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ ലോബി, നിശാ ക്ലബ്, നിരീക്ഷണ സ്ഥലം തുടങ്ങിയ അനവധി ലോക റെക്കോഡുകള്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് ബുർജ് അസീസി. അടുത്ത വർഷം ഫെബ്രുവരിയില്‍ നിർമാണം ആരംഭിച്ച്‌ 2028ഓടെ പൂർത്തീകരിക്കും.

ഏഴ് സാംസ്‌കാരിക തീമുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സെവൻ സ്റ്റാർ ഹോട്ടല്‍, പെന്‍റ് ഹൗസുകള്‍, അപ്പാർട്ട്‌മെന്‍റുകള്‍, ഹോളിഡേ ഹോമുകള്‍ എന്നിവയുള്‍പ്പെടെ വിവിധ വസതികളും ടവറിലുണ്ടാകും.

കൂടാതെ വെല്‍നസ് സെന്‍ററുകള്‍, നീന്തല്‍ കുളം, തിയറ്ററുകള്‍, ജിംനേഷ്യങ്ങള്‍, ചെറു മാർക്കറ്റുകള്‍, റസിഡന്‍റ് ലോഞ്ചുകള്‍, കുട്ടികളുടെ കളിസ്ഥലം, സ്റ്റീം ബാത്ത് കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ തരത്തിലുള്ള വിനോദ സൗകര്യങ്ങളും ഒരുക്കും. വാസ്തുകലയുടെയും ഡിസൈനിങ്ങിന്‍റെയും മനോഹരമായ മാതൃകയായിരിക്കും ബുർജ് അസീസിയെന്ന് നിർമാതാക്കള്‍ പറഞ്ഞു.

കെട്ടിടത്തിന്‍റെ നിർമാണം പൂർത്തീകരിക്കുമ്ബോഴേക്കും 600 കോടി ദിർഹമിലധികം ചെലവ് പ്രതീക്ഷിക്കുന്നതായി അസീസി ഡവലപ്മെന്‍റ്സ് സ്ഥാപകനും ചെയർമാനുമായ മിർവായിസ് അസീസി പറഞ്ഞു.

ഏറ്റവും ആഡംബര സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭവനങ്ങള്‍, വ്യത്യസ്ത ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന മാളുകള്‍, ലോകത്തെ ഏറ്റവും ഉയരം കൂടിയ ഒബ്സർവേഷൻ ഡക്ക്, വൈവിധ്യമാർന്ന രുചികള്‍ സമ്മാനിക്കുന്ന ഹോട്ടലുകള്‍ തുടങ്ങിയവയാണ് ടവർ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്വലാലംപൂരില്‍ സ്ഥിതി ചെയ്യുന്ന മെർഡേക്ക 118 എന്ന കെട്ടിടമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം. 679 മീറ്ററാണ് ഇതിന്‍റെ ഉയരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!