വയനാട്ടില്‍ ഇനി പുനര്‍നിര്‍മ്മാണം;
ഓണം ഓഴിവാക്കാനാവില്ല, കേരളത്തില്‍ എല്ലാത്തിനും വലിയ വിലക്കുറവ്: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചതാണെന്നും എന്നാല്‍ ഓണാഘോഷം ഒഴിവാക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സപ്ലൈക്കോ ഓണം ഫെയർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് സർക്കാർ സംഘടിപ്പിക്കുന്ന ഓണാഘോഷം മാത്രമാണ് ഒഴിവാക്കിയത്. എല്ലാ വർഷവും ഓണക്കാലത്ത് സർക്കാർ വിപണി ഇടപെടല്‍ നടത്താറുണ്ട്. സർക്കാർ ഇടപെടല്‍ കാരണം ഇന്ത്യയില്‍ തന്നെ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനം കേരളമാണ്. കേരളത്തില്‍ എല്ലാത്തിനും വലിയ വിലക്കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടില്‍ ഇനി പുനർനിർമ്മാണമാണ് വേണ്ടത്. അതിന് നാടിന്റെയാകെ പിന്തുണ ഉയരുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ വൻതോതില്‍ വരുന്നുണ്ട്. മറുഭാഗത്ത് ഓണക്കാലത്ത് സംസ്ഥാന സർക്കാർ വിപണി ഇടപെടല്‍ കാര്യക്ഷമമായി നടത്തുന്നു. പണപ്പെരുപ്പം അഞ്ച് ശതമാനം വർധിച്ചു. അതോടെ ഭക്ഷ്യോല്പന്നങ്ങള്ക്ക് വില കൂടി. പച്ചകറികള്‍ക്ക് 30 ശതമാനം വില കൂടി. ദേശീയ തലത്തില്‍ ഫലപ്രദമായ വിപണി ഇടപെടല്‍ വേണ്ട സമയമാണ്. എന്നാല്‍ അതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇന്ധന, പാചകവാതക വില വർധന തടയാൻ നടപടി ഒന്നും കേന്ദ്ര സർക്കാർ സ്വീകരിച്ചില്ല. വിലകയ്യറ്റം തടയാൻ കാർഷിക മേഖലയില്‍ ഇടപെടല്‍ വേണം. പക്ഷേ കാർഷിക സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. പൊതുവിതരണ രംഗം വേണ്ടെന്ന് വയ്ക്കുന്ന സമീപനമാണ് കേന്ദ്രത്തിൻ്റേതെന്നും അദ്ദേഹം വിമർശിച്ചു.
ദേശീയ തലത്തില്‍ വിലക്കയറ്റം ഗൗരവമായി കാണാത്ത സാഹചര്യത്തിലാണ് കേരളം ബദല്‍ മാർഗം മുന്നോട്ട് വയ്ക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. വിപണി ഇടപെടല്‍ ഫലപ്രദമായി നടപ്പാക്കുന്ന സംസ്ഥാനം കേരളമാണ്. അതില്‍ ഒരു സംശയവുമില്ല. സപ്ലൈക്കോ പ്രവർത്തനത്തിലൂടെ ജനം സർക്കാരിനേയും വിലയിരുത്തും. ഈ ബോധത്തോടെ എല്ലാവരും മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

