സർക്കുലർ ബസ് എന്ന ആവശ്യം രണ്ടുദിവസത്തിനകം നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി.സജിത്ബാബു

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിലെ ചികിത്സാസൗകര്യങ്ങൾ മറ്റിടങ്ങളിലേക്ക് മാറ്റിയതിനെത്തുടർന്ന് ഉയർന്ന സർക്കുലർ ബസ് എന്ന ആവശ്യം രണ്ടുദിവസത്തിനകം നടപ്പാക്കുമെന്ന് കളക്ടർ ഡോ. ഡി.സജിത്ബാബു അറിയിച്ചു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി. അധികൃതരുൾപ്പെടെയുള്ളവരുമായി സംസാരിക്കുമെന്നും അതിനുശേഷം എത്ര ബസുകൾ, സമയക്രമം എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും കളക്ടർ വ്യക്തമാക്കി. ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയാക്കിയതിനാലാണ് ഇവിടത്തെ സൗകര്യങ്ങൾ വിവിധ ആസ്പത്രികളിലേക്ക് മാറ്റിയത്. അതോടെ കോവിഡിതര രോഗികൾ അനുഭവിക്കുന്ന യാത്രക്ലേശത്തെ മുൻ നിർത്തി ‘മാതൃഭൂമി’യാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. കോവിഡ് കാലമായതിനാൽ ആർ.ടി.എ. ബോർഡുമായി ആലോചിക്കാതെ തന്നെ ഇത്തരം സംവിധാനങ്ങൾ നടപ്പാക്കാൻ കഴിയുമെന്ന് നേരത്തേ കളക്ടർ പറഞ്ഞിരുന്നു. നീലേശ്വരം താലൂക്ക് ആസ്പത്രി, പെരിയ കമ്യൂണിറ്റി ഹെൽത്ത് സെന്റർ, ആനന്ദാശ്രമം പി.എച്ച്.സി, കാഞ്ഞങ്ങാട് സർജികെയർ തുടങ്ങിയ ആസ്പത്രികളുമായാണ് ബസ് സർവീസുകളെ പ്രധാനമായും ബന്ധിപ്പിക്കേണ്ടത്. ഒന്നിലേറെ ഒ.പി. പരിശോധനയോ എക്സ്‌റേ ഉൾപ്പെടെയുള്ള ആവശ്യങ്ങളോ വേണ്ടിവരുന്ന രോഗികൾക്ക് ചിലപ്പോൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകേണ്ടിവരും. ബസുകൾ മാറിക്കയറിയും ഓട്ടോറിക്ഷയിൽ കയറിയുമൊക്കെയാണ് ഇപ്പോൾ രോഗികളും സാഹായികളും യാത്രചെയ്യുന്നത്. ഈ ക്ലേശമൊഴിവാകുകയും അതിനൊപ്പം ഒന്നിലേറെ പൊതുവാഹനങ്ങളിൽ കയറുമ്പോഴുണ്ടാകുന്ന കോവിഡ് സമ്പർക്ക ഭീതിയില്ലാതാകുകയും ചെയ്യാൻ ഏറ്റവും അനുയോജ്യമായ മാർഗമായാണ് സർക്കുലർ ബസുകളെന്ന് പൊതുജനങ്ങൾ ഏക സ്വരത്തിൽ പറയുന്നു.