KSDLIVENEWS

Real news for everyone

പോളണ്ട്-കാന‍ഡ ജോലിത്തട്ടിപ്പ്; ദുബായ് സാമ്പത്തിക വിഭാഗം അന്വേഷണം ആരംഭിച്ചു

SHARE THIS ON

ദുബായ്: പോളണ്ടിലും കാനഡയിലും ജോലി നൽകാമെന്ന് പറഞ്ഞ് മലയാളികളിൽ നിന്നടക്കം കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ ദുബായിലെ പാക്കിസ്ഥാനികളുടെ ഉടമസ്ഥതയിലുള്ള വ്യാജ മൈഗ്രേഷൻ സർവീസ് കമ്പനിക്കെതിരെ ദുബായ് സാമ്പത്തിക വിഭാഗം അന്വേഷണം ആരംഭിച്ചതായി ഇവർക്ക്  നിയമോപദേശം നൽകുന്ന അഡ്വ.പ്രീത ശ്രീറാം മാധവ് മനോരമ ഒാൺലൈനോട് പറഞ്ഞു. തട്ടിപ്പിനിരയായ കേരളത്തിലെ യുവതീയുവാക്കളുമായി സാമ്പത്തിക വിഭാഗം അധികൃതർ ടെലിഫോണിലൂടെ ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിച്ചുവരുന്നു. പണം നൽകി ഒരു വർഷം ആകാത്തവര്‍ക്കാണ് സാമ്പത്തിക വിഭാഗത്തിന്റെ ഫോൺ കോൾ ലഭിച്ചത്. ഒരു വർഷം കഴിഞ്ഞവർ സിവിൽ കേസ് കൊടുക്കുമെന്നും അഡ്വ.പ്രീത പറഞ്ഞു. തട്ടിപ്പ് നടത്തിയ ദുബായ് ഹൂർ അൽ അൻസിൽ പ്രവർത്തിക്കുന്ന ഏജൻസിക്കെതിരെ വൈകാതെ, നിയമ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ അറിയിച്ചു. തട്ടിപ്പ് സംബന്ധിച്ച വാർത്ത ആദ്യമായി സെപ്റ്റംബർ 15ന് മനോരമ ഒാൺലൈനിൽ  പ്രസിദ്ധീകരിച്ച ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ പേർ പറ്റിക്കപ്പെട്ട വിവരം പങ്കുവച്ചിരുന്നു. പലരുടെയും യുഎഇയിലും ഇതര ഗൾഫ് രാജ്യങ്ങളിലുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, തട്ടിപ്പ് അറിയാത്ത കൂടുതൽ പേരിൽ നിന്ന് മലയാളികളുൾപ്പെടുന്ന സംഘം ഇപ്പോഴും പണം കൈക്കലാക്കിക്കൊണ്ടിരിക്കുകയുമാണ്. ഇതേ തുടർന്ന് മറ്റാരെങ്കിലും ചതിയിൽപ്പെടുന്നത് തടയാൻ വേണ്ടി ഇവരുടെ സമൂഹമാധ്യമ പരസ്യത്തിന് താഴെ റിവ്യുവിലൂടെ മുന്നറിയിപ്പ് നല്‍കിയവർക്കെതിരെ സംഘത്തിൽ നിന്ന് ഭീഷണിയുമുണ്ടായി. റിവ്യു ഡിലിറ്റ് ചെയ്തില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നാണ് ഭീഷണി. എന്നാൽ, റിവ്യു നൽകിയവർ അതിന് തയാറായിട്ടില്ല. എല്ലാവരുടെയും പണം തിരിച്ചു നൽകിയാൽ റിവ്യു ഒഴിവാക്കാമെന്നാണ് മറുപടി നൽകിയതെന്ന് അബുദാബിയിൽ ജോലി ചെയ്യുന്ന ഇരകളിലൊരാളുടെ ബന്ധുവായ കോട്ടയം സ്വദേശി സുജിത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!