ജില്ലയിൽ നാലര വർഷത്തിനുള്ളിൽ 1,63,610 പട്ടയം നൽകി- മുഖ്യമന്ത്രി

കാസർഗോഡ് : നാലരവർഷത്തിനുള്ളിൽ 1,63,610 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ അഞ്ച് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണോദ്ഘാടനവും ചെറുവത്തൂർ, ചിത്താരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനവും വീഡിയോ കോൺഫറൻസിങ് വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികത്വത്തിന്റെ പേരിൽ വർഷങ്ങളായി ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ടവർക്കാണ് പട്ടയം ലഭിച്ചത്. പ്രകൃതിദുരന്തം, കോവിഡ് തുടങ്ങിയ മഹാമാരികൾക്കിടയിലും ഭരണസംവിധാനം ഉണർന്ന് പ്രവർത്തിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷനായി. നടപ്പുസാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി ജില്ലയ്ക്ക് പുതുതായി അനുവദിച്ച പഡ്രെ, തെക്കിൽ, കുഡ്ലു, തുരുത്തി, കാഞ്ഞങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസുകൾക്കാണ് കെട്ടിടങ്ങൾ നിർമിക്കുന്നത്. ജില്ലയിൽ പുതുതായി 541 പേർക്കുകൂടി പട്ടയം അനുവദിച്ചു. കാസർകോട് താലൂക്ക്-50, ഹൊസ്ദുർഗ് താലൂക്ക്-98, മഞ്ചേശ്വരം താലൂക്ക്-78, വെള്ളരിക്കുണ്ട് താലൂക്കിൽ 32 പേർക്കുമാണ് പട്ടയം അനുവദിച്ചത്. 283 പേർക്ക് ലാൻഡ് ട്രിബ്യൂണൽ പട്ടയവും അനുവദിച്ചിട്ടുണ്ട്. ലാൻഡ് ട്രിബ്യൂണൽ പട്ടയം ഉൾപ്പെടെ 25 പേർക്ക് പട്ടയങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ബാക്കിയുള്ളവർക്ക് വ്യഴാഴ്ച വൈകീട്ട് അഞ്ചിനകം വില്ലേജ് ഓഫീസർമാർ വീടുകളിൽ എത്തി വിതരണം ചെയ്യുമെന്ന് കളക്ടർ പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി., എം.എൽ.എ.മാരായ എൻ.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമൻ, എം.സി.ഖമറുദ്ദീൻ, കളക്ടർ ഡോ. ഡി.സജിത്ബാബു, എ.ഡി.എം. എൻ.ദേവീദാസ്, സബ് കളക്ടർ ഡി.ആർ.മേഘശ്രീ, ഡോ. എ.ജയതിലക്, കെ.ബിജു എന്നിവർ സംസാരിച്ചു.

