മേൽപ്പറമ്പ് പോലീസ് സ്റ്റേഷന് ചട്ടഞ്ചാൽ ടൗണിൽ 50 സെന്റ് സ്ഥലം അനുവദിച്ചു

പൊയ്നാച്ചി : ഒന്നരവർഷം മുൻപ് പ്രവർത്തനം തുടങ്ങിയ മേൽപ്പറമ്പ് പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം നിർമിക്കാൻ ചട്ടഞ്ചാൽ ടൗണിനോട് ചേർന്ന് ദേശീയപാതയ്കരികിൽ 50 സെൻറ് സ്ഥലം അനുവദിച്ചു. തെക്കിൽ വില്ലേജിൽ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള റീ സർവേ നമ്പർ 107/1 എ യിൽപ്പെട്ട ഈ സ്ഥലം കൈമാറുന്നതിന് കളക്ടർ ഡോ. ഡി.സജിത്ത്ബാബു ഉത്തരവിറക്കി. കൈമാറ്റനടപടികൾക്ക് കാസർകോട് തഹസിൽദാരെ ചുമതലപ്പെടുത്തി.
വിവിധ പോലീസ് സ്റ്റേഷനുകൾ വഴി പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കുന്നതിന് 2013-ൽ പോലീസ് വകുപ്പിന് താത്കാലികമായി കൈമാറിയ 40 സെൻറ് ഉൾപ്പെടെയാണ് അനുവദിച്ചഭൂമി. സ്ഥലം ലഭ്യമാക്കാൻ 2018 സെപ്റ്റംബർ 27-ന് ജില്ലാ പോലീസ് മേധാവി സർക്കാറിന് അപേക്ഷ നൽകിയിരുന്നു. 2017-18-ലെ സംസ്ഥാന ബജറ്റ് പ്രഖ്യാപന പ്രകാരം 2019 ഫെബ്രുവരി 17-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ ഉദ്ഘാടനംചെയ്തത്. ചട്ടഞ്ചാൽ നോർത്തിലെ വാടകക്കെട്ടിടത്തിലാണിപ്പോൾ സ്റ്റേഷന്റെ പ്രവർത്തനം.
ജില്ലയിൽ ദേശീയപാതയ്ക്കരികിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ പോലീസ് സ്റ്റേഷനാണിത്. നീലേശ്വരമാണ് മറ്റൊന്ന്. ബാര, കളനാട്, തെക്കിൽ, പെരുമ്പള വില്ലേജുകൾ പരിധിയായി പ്രവർത്തിക്കുന്ന മേൽപ്പറമ്പ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കുന്നത് സ്ഥലം ദേശീയപാതയ്കരികിൽത്തന്നെ അനുവദിക്കണമെന്ന് പോലീസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് ഇതുസംബന്ധിച്ച് നിവേദനവും നൽകിയിരുന്നു.
ചട്ടഞ്ചാൽ സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിനും ചെമ്മനാട് പഞ്ചായത്ത് വകയുള്ള സ്ഥലത്തിനും സമീപമാണ് ന്യായവില രജിസ്റ്റർ പ്രകാരം വാണിജ്യ പ്രാധാന്യമുള്ള വിഭാഗത്തിൽപെട്ട ഈ സ്ഥലം. ഭൂമിയുടെ വിസ്തൃതി 50 സെൻറിൽ അധികരിക്കാത്തതിനാലും പഞ്ചായത്ത് പ്രദേശത്ത് ഉൾപ്പെടുന്നതിനാലും ഭൂമി കൈമാറ്റം സർക്കാർ സേവന വകുപ്പുകൾ തമ്മിലായതിനാലുമാണ് കൈമാറ്റം അനുവദിക്കുന്നതെന്നും ഭൂമി ലഭിച്ച് ഒരുവർഷത്തിനുള്ളിൽ അനുവദിക്കപ്പെട്ട ആവശ്യത്തിന് ഭൂമി വിനിയോഗിക്കണമെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.

