ദുബായില്‍ ട്രാക്കില്ലാതെ ഓടാന്‍ ട്രാം; ചാർജ് ചെയ്ത് ഓടുന്ന ട്രാം പരിസ്ഥിതി സൗഹൃദം
ദുബായില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ഗതാഗത വികസനം ലക്ഷ്യമിട്ടുളള 22 പ്രധാന പദ്ധതികളില്‍ ട്രാക്ക് ലെസ് ട്രാമും ഉള്‍പ്പെട്ടിട്ടുണ്ട്. 2024-27 കാലയളവില്‍ പൂർത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളുടെ ചെലവ് പ്രതീക്ഷിക്കുന്നത് 16 ബില്ല്യൻ ദിർഹമാണ്. ഇതുള്‍പ്പടെയുളള പദ്ധതി രേഖകളെല്ലാം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിലയിരുത്തി.
• എന്താണ് ട്രാം
ദുബായുടെ പൊതുഗതാഗത സംവിധാനങ്ങളില്‍ ഒന്നാണ് ട്രാം. ദുബായുടെ നിരത്തുകളിലൂടെ ട്രാം ഓടിത്തുടങ്ങിയിട്ട് 2024 നവംബർ 11 ന് പത്തുവർഷം പൂർത്തിയാവുകയാണ്. സമയകൃത്യത 99.9 ശതമാനമുളള ട്രാം ഇതുവരെ 950,000 ലധികം യാത്രകള്‍ നടത്തി. 60 ദശലക്ഷത്തിലധികം യാത്രാക്കാർ ട്രാമിന്‍റെ യാത്രകളുടെ ഭാഗമായി.
• മെട്രോയേയും മോണോറെയിലിനേയും ബന്ധിപ്പിക്കുന്ന ട്രാം
ദുബായ് മെട്രോയും മോണോറെയിലും തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തിലാണ് ട്രാം പ്രവർത്തിക്കുന്നത്. നിലവില്‍ 11 സ്റ്റേഷനുകളാണുളളത്. ജുമൈറ ബീച്ച് റെസിഡന്‍സില്‍ തുടങ്ങി അല്‍ സുഫൂ വരെ. ശോഭ റിയല്‍റ്റി മെട്രോ സ്റ്റേഷന്‍, ഡിഎംസിസി മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ട്രാമിലേക്ക് കയറാം. പാം ജുമൈറയാണ് പാം മോണോറെയിലിലേക്കുളള കണക്ഷന്‍. ഞായർ ഒഴികയെുളള ദിവസങ്ങളില്‍ രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന ട്രാം സേവനം പിറ്റേന്ന് പുലർച്ചെ ഒരുമണിവരെയാണ്. ഞായറാഴ്ച രാവിലെ 9 മണിക്കാണ് ട്രാം സേവനം തുടങ്ങുക. നോല്‍കാർഡ് ഉപയോഗിച്ചാണ് ട്രാമില്‍ യാത്രചെയ്യാനാവുക.
• എന്താണ് ട്രാക്കില്ലാത്ത ട്രാം ( ട്രാക്ക് ലെസ് ട്രാം)
നിലവിലെ ട്രാം 8 സ്ഥലങ്ങളിലേക്ക് കൂടി വിപുലപ്പെടുത്താന് ആർടിഎ ലക്ഷ്യമിടുന്നത്. പരമ്പരാഗത ട്രാക്കിലൂടെയാണ് ഇപ്പോള്‍ ട്രാം ഓടുന്നത്, എന്നാല്‍ വിപുലപ്പെടുത്തുമ്പോള്‍ സ്ഥിരം ട്രാക്കിലൂടെയായിരിക്കില്ല ട്രാം ഓടുക. പകരം വിർച്വല്‍ ട്രാക്കായിരിക്കും ട്രാമിന്‍റെ വഴി.
പ്രത്യേക പാതകളിൽ പെയിന്റ് ചെയ്ത ലൈനുകളിലൂടെ ക്യാമറ സഹായത്തോടെ സെല്‍ഫ് ഡ്രൈവിങ് ട്രാം ഓടും. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിലവിലെ ട്രാമുകളെ അപേക്ഷിച്ച് വൈദ്യുതി ചാർജ്ജ് ചെയ്ത് ഓടുന്ന പുതുതലമുറ ട്രാമിന് ചെലവ് കുറവാണെന്നുളളതും പ്രത്യേകതയാണ്.
• പ്രത്യേകതകള്‍
1. ഓരോ ട്രാമിലും 3 ക്യാരേജുകളാണുണ്ടാവുക. 300 യാത്രക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുളളതായിരിക്കും ട്രാം.
2. മണിക്കൂറില്‍ 25 മുതല്‍ 60 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും ട്രാമിന്‍റെ സഞ്ചാരം. പരമാവധി വേഗം മണിക്കൂറില്‍ 75 കിലോമീറ്ററായിരിക്കും.
3. ഒരു തവണ ചാർജ്ജ് ചെയ്താല്‍ 100 കിലോമീറ്റർ വരെ സഞ്ചരിക്കാന്‍ ട്രാമിന് കഴിയും
• ഗതാഗത കുരുക്ക് കുറയ്ക്കുന്നതെങ്ങനെ
പൊതുഗതാഗതം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയെന്നുളളതാണ് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രജിസ്ട്രർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തില്‍ 10 ശതമാനമാണ് വർദ്ധനവ്. പകല്‍ സമയങ്ങളില്‍ ദുബായിലെ വാഹനങ്ങളുടെ എണ്ണം 3.5 ദശലക്ഷമായി ഉയർന്നുവെന്നും ഗതാഗതകണക്കുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ ജനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ ഗതാഗത കുരുക്ക് കുറയും. മാത്രമല്ല, ദുബായിലെ അതിവേഗം വളരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ പരിഹരിക്കാനുളള ദുബായുടെ മാസ്റ്റർ പ്ലാനിന്‍റെ ഭാഗം കൂടിയാണ് ട്രാക്കില്ലാത്ത ട്രാം.