KSDLIVENEWS

Real news for everyone

ഒരേ ഫോട്ടോയില്‍ രണ്ട് ബൂത്തിലായി 223 വോട്ടുകള്‍: 25 ലക്ഷത്തിലേറെ കള്ളവോട്ട്‌; ഹരിയാണ ബോംബ് പൊട്ടിച്ച് രാഹുല്‍

SHARE THIS ON

ന്യൂഡല്‍ഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ അരങ്ങേറിയത് വന്‍ വോട്ടുകൊള്ളയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് 25 ലക്ഷം  കള്ളവോട്ടുകളാണുണ്ടായിരുന്നതെന്ന് പാര്‍ട്ടിയുടെ കണക്കുകള്‍ ഉദ്ധരിച്ച് രാഹുല്‍ പറഞ്ഞു. ഒരാള്‍ക്ക് പത്ത് ബൂത്തുകളിലായി 22 വോട്ടുണ്ടെന്നും വോട്ടര്‍ പട്ടിക തെളിവായി ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു.

എല്ലാത്തിലും ഉപയോഗിച്ചിരിക്കുന്നത് ബ്രസീലിയന്‍ മോഡലിന്റെ ചിത്രമാണ്. ബ്രസീലിയന്‍ മോഡലിന് ഹരിയാണ ഇലക്ഷനില്‍ എന്തുകാര്യമാണുള്ളത്? മാത്യൂസ് ഫെററോ എന്ന് പേരുള്ള ബ്രസീലിയന്‍ യുവതിയാണ് ഇത്തരത്തില്‍ വോട്ടുചെയ്തത്. യുവതിയുടെ ചിത്രവും രാഹുല്‍ പ്രദര്‍ശിപ്പിച്ചു.


നാളെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് നടക്കാനിരിക്കെയാണ് വോട്ട് കൊള്ള ആരോപണത്തില്‍ ‘ആറ്റംബോംബിന്’ പിന്നാലെ എച്ച് ഫയല്‍സ് എന്ന പേരില്‍ ‘ഹൈഡ്രജന്‍ ബോംബും’ രാഹുല്‍ പൊട്ടിച്ചിരിക്കുന്നത്. ഒരു വോട്ടര്‍ ഐഡിയില്‍ ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ മാത്രം നൂറ് വോട്ടുകളാണുള്ളത്. ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പോളിങ് ബൂത്തില്‍ മാത്രം 223 വോട്ടുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഹരിയാണയില്‍ ആകെ രണ്ടുകോടി വോട്ടര്‍മാരാണുള്ളത്. ഇവിടെ 25 ലക്ഷത്തോളം കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടു. അതായത് സംസ്ഥാനത്തെ എട്ടിലൊന്നും കള്ള വോട്ടാണെന്നും രാഹുല്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കി. ഒരു അസംബ്ലി സീറ്റില്‍ ഒരാള്‍ മാത്രം ഒരേ ഫോട്ടോയില്‍ പല പേരുകളിലായി നൂറ് വോട്ടുകളുണ്ടെന്നതിന്റെ തെളിവും രാഹുല്‍ പുറത്തുവിട്ടു. ഇങ്ങനെ നൂറുകണക്കിന് ഉദാഹരണങ്ങളുണ്ടെന്നും വോട്ടര്‍പട്ടികയുടെ പ്രിന്റുകളുമായി രാഹുല്‍ ആരോപിച്ചു.

ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ച് 22 വോട്ടര്‍മാരുണ്ടെന്നതിന്റെ തെളിവുകള്‍ രാഹുല്‍ പുറത്തുവിട്ടു. സീമ, സ്വീറ്റി, സരസ്വതി, വിമല എന്നിങ്ങനെ പല പേരുകളിലാണ് വോട്ടര്‍ പട്ടികയില്‍ ഈ മോഡലിന്റെ ചിത്രം സഹിതമുള്ളത്. 93,174 തെറ്റായ വിലാസങ്ങളിലും സംസ്ഥാനത്ത്‌ വോട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 5,21,619 വ്യാജ വോട്ടുകളും 19,26,351 ബള്‍ക്ക് വോട്ടുകളുമുണ്ട്. ഇവയടക്കമാണ് 25,41,144 കള്ളവോട്ടർമാരുണ്ടെന്ന് രാഹുല്‍ ആരോപിക്കുന്നത്. ഇങ്ങനെയെല്ലാം വോട്ട് ചോരി നടന്നിട്ടും കോൺഗ്രസ് വെറും 22,779 വോട്ടിനാണ് പരാജയപ്പെട്ടതെന്നും രാഹുൽ പറഞ്ഞു.

ഹരിയാണയില്‍ ഇതാദ്യമായാണ് പോസ്റ്റല്‍ വോട്ടുകളും അന്തിമ വോട്ടുകളും തമ്മില്‍ അന്തരമുണ്ടാകുന്നത്. 17 സീറ്റുകളില്‍ മാത്രമാണ് ബിജെപി തപാല്‍ വോട്ടുകളില്‍ ലീഡ് ചെയ്തത്. ബി. ഗോപാലകൃഷ്ണന്റെ വിവാദപരമായ പരാമര്‍ശവും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. വ്യാജവോട്ടര്‍മാരില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരുമുണ്ട്. യുപിയിലും ഹരിയാണയിലും ഒരുപോലെ വോട്ടുചെയ്യുന്ന ആയിരക്കണക്കിന് വോട്ടര്‍മാരുണ്ട്. യുപിയിലെ ബിജെപി നേതാക്കള്‍വരെ ഹരിയാണയില്‍ വോട്ടുചെയ്തു. സോഫ്റ്റ്‌വെയര്‍ ഉണ്ടായിട്ടും വ്യാജവോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കം ചെയ്യാത്തത് എന്തുകൊണ്ടെന്നും രാഹുല്‍ ചോദിച്ചു.

ബിജെപിയെ സഹായിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയത് വന്‍ തട്ടിപ്പാണ്. ഇക്കാരണത്താലാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാത്തത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വന്‍ ഗൂഢാലോചനയാണ് നടന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജ്ഞാനേഷ് കുമാര്‍ വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുകയാണ്. ജനാധിപത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ അദ്ദേഹം സംരക്ഷിക്കുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് മൂന്നര ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി. ലോക്‌സഭയില്‍ വോട്ടുചെയ്തവര്‍ക്ക് നിയമസഭയില്‍ വോട്ടുണ്ടായില്ല. പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരെ വേദിയിലെത്തിച്ചും രാഹുല്‍ തെളിവ് സമര്‍ഥിച്ചു.

ഹരിയാണയിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന ‘H ഫയലുകളാണ് രാഹുല്‍ പുറത്തുവിട്ടത്. രാജ്യത്ത് കേന്ദ്രീകൃതമായ ഇത്തരം തട്ടിപ്പുകള്‍ ഇനിയും തുടരരുതെന്ന് പറഞ്ഞ രാഹുല്‍, ജനാധിപത്യവും സത്യവും അഹിംസയും പുലരണമെന്നും പറഞ്ഞു. തിരിച്ചുപിടിക്കാനുള്ള ശക്തി ഇന്ത്യന്‍ യുവതയ്ക്കുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!