KSDLIVENEWS

Real news for everyone

തിരുവനന്തപുരത്തേക്കു വരൂ… എസ്.ഐ.ആറിന് എതിരെ കേരളം കോടതിയിലേക്ക്: സര്‍വകക്ഷിയോഗത്തിൽ പ്രതിപക്ഷ പിന്തുണ; എതിർത്ത് ബി.ജെ.പി

SHARE THIS ON

തിരുവനന്തപുരം: കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്‌ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശ്യപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2002 ലെ തിരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടര്‍ പട്ടിക പരിഷ്‌ക്കരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ നിരവധിയാണെന്നും എസ്‌ഐആര്‍ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവച്ചു. മുഖ്യമന്ത്രി പങ്കുവച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.

പി.സി.വിഷ്ണുനാഥ് (കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (സിപിഐ), പി.കെ. കുഞ്ഞാലിക്കുട്ടി (ഐയുഎംഎല്‍), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി.തോമസ് (ജനതാദള്‍ സെക്യുലര്‍), തോമസ് കെ.തോമസ് (എന്‍സിപി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), കെ.ജി.പ്രേംജിത്ത് (കേരള കോണ്‍ഗ്രസ് ബി), ഷാജി.എസ്.പണിക്കര്‍ (ആര്‍എസ്പി ലെനിനിസ്റ്റ്) കെ.ആര്‍. ഗിരിജന്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്), കെ.സുരേന്ദ്രന്‍ (ബിജെപി), എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍എസ്പി), അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!