സംഭല്‍, അദാനി വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം; ലോക്‌സഭ നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: സംഭല്‍ വിഷയത്തേക്കുറിച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചതിന് പിന്നാലെ ലോക്‌സഭ ഉച്ചയ്ക്കു ശേഷം രണ്ടുമണിവരെ നിര്‍ത്തിവെച്ചു. അദാനി ഗ്രൂപ്പിനെതിരേ യു.എസില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ ജെ.പി.സി. അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം മുദ്രാവാക്യംവിളിച്ചു.
ലോക്‌സഭയില്‍ അദാനി വിഷയത്തെച്ചൊല്ലി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. അദാനിക്കെതിരേ അന്വേഷണം നടത്താന്‍ മോദിക്ക് സാധിക്കില്ല. കാരണം, അങ്ങനെ ചെയ്താല്‍ അദ്ദേഹം അദ്ദേഹത്തേക്കുറിച്ച് അന്വേഷിക്കുന്നതുപോലെയാകും. അവര്‍ ഒന്നാണ് എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.
നേരത്തെ രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. വികസിത ഭാരതത്തിന്റെ പുരോഗതി വിദേശകരങ്ങള്‍ തടസ്സപ്പെടുത്തുന്നുവെന്ന ബി.ജെ.പി. എം.പി. സുധാംശു ത്രിവേദിയുടെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നത്. തുടര്‍ന്ന് 12 മണി വരെ സഭ നിര്‍ത്തിവെച്ചു.