ബിറ്റ്കോയിൻ 1,00,000 കടന്നു

ന്യുയോർക്ക്: ഇതാദ്യമായി ബിറ്റ്കോയിന്‍റെ മൂല്യം ഒരു ലക്ഷം ഡോളർ പിന്നിട്ടു. യുഎസ് പ്രസിഡന്‍റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാത്രം നാലാഴ്ചക്കിടെ ബിറ്റ്കോയിന്‍റെ മൂല്യത്തില്‍ 45 ശതമാനം വർധനവാണുണ്ടായത്.
ട്രംപിന്‍റെ വിജയം ക്രിപ്റ്റോകറൻസി വിപണിയില്‍ ആത്മവിശ്വാസം ഉയർത്തിയതാണ് മൂല്യവർധനവിന് പിന്നില്‍.
വിവിധ ക്രിപ്റ്റോ കറൻസികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ട്രംപ് ഭരണകൂടം സൃഷ്ടിക്കുമെന്ന പ്രതീക്ഷയും കൂടാതെ ഡിജിറ്റല്‍ ആസ്തികള്‍ക്ക് അദ്ദേഹം നല്‍കുന്ന പിന്തുണയും ബിറ്റ്കോയിന്‍റെ കുതിപ്പിനു കാരണമായി. ട്രംപിന്‍റെ വിജയത്തിനു പിന്നാലെ ക്രിപ്റ്റോകറൻസിയെ പിന്തുണയ്ക്കുന്നവരും യുഎസ് കോണ്‍ഗ്രസില്‍ എത്തിയത് ബിറ്റ്കോയിന്‍റെ കുതിപ്പിനിടയാക്കി.
യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് ഗാരി ഗ്ലെൻസർ ജനുവരി 20ന് ട്രംപ് സ്ഥാനമേല്‍ക്കുന്ന അന്ന് തന്നെ രാജിവയ്ക്കുന്നമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗ്ലെൻസറിനു പകരം ആ സ്ഥാനത്തേക്ക് അഭിഭാഷകനായ പോള്‍ അറ്റ്കിൻസിനെയാണ് ട്രംപ് നോമിനേറ്റ് ചെയ്തിരിക്കുന്നത്.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷണറുമായി പ്രവർത്തിച്ചിരുന്ന അറ്റ്കിൻസ് ഡിജിറ്റല്‍ ആസ്തികള്‍ക്കു പിന്തുണ നല്‍കുന്ന വ്യക്തിയാണ്. ഇത് ക്രിപ്റ്റോകറൻസിയില്‍ അനുകൂല നയങ്ങളും പരിഷ്കാരങ്ങളുമുണ്ടാകുമെന്ന പ്രതീക്ഷ നല്‍കുന്നു.
ഗവണ്‍മെന്‍റ് എഫിഷ്യൻസി വകുപ്പിലേക്ക് നിയുക്ത പ്രസിഡന്‍റ് നാമനിർദേശം ചെയ്ത ടെസ്‌ല സിഇഒയും ബില്യണറുമായ ഇലോണ്‍ മസ്ക് ക്രിപ്റ്റോകറൻസിയെ പിന്തുണയ്ക്കുന്നുണ്ട്.
ഇടിഎഫ്(എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്)വഴിയുള്ള നിക്ഷേപത്തില്‍ കാര്യമായ വർധനവുണ്ടായതും മൂല്യവർധനയ്ക്കു കാരണമായി.