അതിജീവിതയെ അധിക്ഷേപിച്ചു: ലൈംഗിക പരാമർശമടങ്ങിയ വിഡിയോ പോസ്റ്റ് ചെയ്തു; യൂട്യൂബർ പിടിയിൽ

കോട്ടയം: സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ പിടിയിൽ. വേളൂർ പതിനഞ്ചിൽകടവ് സ്വദേശി ജെറിൻ (39) ആണ് അറസ്റ്റിലായത്. നവംബർ 30നാണ് സംഭവം. അതിജീവിതയെക്കുറിച്ച് ലൈംഗിക പരാമർശം നടത്തി ജെറിൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ‘വോയിസ് ഓഫ് മലയാളി’ എന്ന സമൂഹമാധ്യമ പേജിന്റെ ഉടമയാണ് ഇയാൾ.
വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിൽ ലഭിച്ച അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക് വിഡിയോ ലിങ്കിന്റെ യുആർഎൽ പരിശോധിച്ച് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി കോട്ടയം സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ കേസ് കോട്ടയം സൈബർ പൊലീസിനു കൈമാറുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

