രൂപ കൂപ്പുകുത്തിയത് സര്‍ക്കാരിന്റെ പരാജയം: കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യുഡല്‍ഹി: ഡോളറിനെതിരായ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കു കൂപ്പുകുത്തിയതില്‍ കേന്ദ്രത്തിനെതിരേ വിമർശനവുമായി കോണ്‍ഗ്രസ്.
രൂപയുടെ മൂല്യം 90 മറികടന്നത് സർക്കാരിന്റെ പരാജയപ്പെട്ട സന്പത്തികനയങ്ങളും ബാഹ്യ വെല്ലുവിളികളും മൂലമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സർക്കാർ എങ്ങനെയൊക്കെ കൊട്ടിഘോഷിച്ചാലും രൂപയുടെ മൂല്യച്യുതി രാജ്യത്തിന്റെ യഥാർഥ സാന്പത്തിക സ്ഥിതിയാണു കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സില്‍ കുറിച്ചു. മോദി സർക്കാരിന്റെ നയങ്ങള്‍ ശരിയായിരുന്നെങ്കില്‍ മൂല്യം ഇടിയില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഖാർഗെ, യുപിഎ സർക്കാരിന്റെ കാലത്ത് മോദി നടത്തിയ പരാമർശങ്ങളും സൂചിപ്പിച്ചു.
2014നുമുന്പ് മോദി രൂപയുടെ മൂല്യം ദിനംപ്രതി ദുർബലപ്പെട്ടുവരികയാണെന്നും രാജ്യം നിങ്ങളില്‍നിന്ന് ഉത്തരം ആവശ്യപ്പെടുന്നുവെന്നും പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ മോദിജിയോട് ഇതേ ചോദ്യം ചോദിക്കുകയാണ്. അദ്ദേഹം മറുപടി നല്‍കണം-ഖാർഗെ ആവശ്യപ്പെട്ടു.
മൻമോഹൻ സർക്കാരിന്റെ കാലത്ത് രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ ഇവർ എന്താണു പറഞ്ഞതെന്നും ഇപ്പോള്‍ ഇവരുടെ പ്രതികരണമെന്താണെന്നുമാണ് വിഷയത്തില്‍ പ്രിയങ്ക ഗാന്ധി പാർലമെന്റിനുപുറത്ത് മാധ്യമങ്ങളോടു പ്രതികരിച്ചത്.
ബിജെപിയുടെ ദേശീയവക്താവ് രവിശങ്കർ പ്രസാദ് 2013ല്‍ നടത്തിയ പരാമർശത്തെ ആയുധമാക്കിയാണ് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി കേന്ദ്രത്തെ വിമർശിച്ചത്. രവിശങ്കർ പ്രസാദ് 2013ല്‍ രൂപയുടെ മൂല്യത്തെ രാഹുലിന്റെയും സോണിയയുടെയും മൻമോഹൻ സിംഗിന്റെയും പ്രായവുമായി താരതമ്യപ്പെടുത്തിയെന്നും രൂപയുടെ ഇപ്പോഴത്തെ മൂല്യത്തെ ആരുമായാണു താരതമ്യപ്പെടുത്തേണ്ടതെന്നും മനീഷ് തിവാരി ചോദിച്ചു.

