KSDLIVENEWS

Real news for everyone

ഒന്‍പതാം ദിവസവും രാഹുല്‍ ഒളിവില്‍, മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, അന്വേഷണ സംഘം വിപുലീകരിക്കും

SHARE THIS ON

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തളളിയതോടെയാണിത്. ഇന്നുതന്നെ ബെഞ്ചില്‍ ഹര്‍ജി കൊണ്ടുവന്ന് പൊലീസിന്‍റെ അറസ്റ്റ് നീക്കം തടയാൻ കഴിയുമോ എന്നാണ് നോക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുളള ഗുരുതര ആരോപണങ്ങളെന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം തളളിയത്. എന്നാല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം നിലനില്‍ക്കില്ലെന്നും ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് രാഹുലിന്‍റെ വാദം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. ഇതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും ശ്രമം തുടങ്ങി. അതിസങ്കീര്‍ണമായ കേസായതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് നിഗമനം.

കസ്റ്റഡിയിലുള്ള രാഹുലിന്‍റെ പിഎ ഫസലിനെയും ഡ്രൈവര്‍ ആല്‍വിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ആല്‍വിനും പിഎ ഫസലിനുമൊപ്പമാണ് രാഹുല്‍ പാലക്കാട് നിന്ന് രക്ഷപ്പെട്ടത്. തമിഴ്നാട് വരെ ഇവർ രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച പാലക്കാട് വിട്ട ഇരുവരും ശനിയാഴ്ച തിരിച്ചെത്തി. ഇന്നലെ ഉച്ചയ്ക്കാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. രാഹുലിന്‍റെ നീക്കങ്ങളെ കുറിച്ച്‌ ഇവർക്ക് അറിവുള്ളതായാണ് പൊലീസ് പറയുന്നത്.ഒന്‍പതാം ദിവസവും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുകയാണ്. ഇന്നലെ രാത്രി കാസര്‍കോട് ഹോസ്‍ദുര്‍ഗ് കോടതിയില്‍ വൻ പൊലീസ് സന്നാഹം ഉള്‍പ്പെടെ ഒരുക്കിയിരുന്നു. രാഹുല്‍ കസ്റ്റഡിയിലായെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും അക്കാര്യം പൊലീസ് തള്ളിയിരുന്നു. തെറ്റായ വിവരമാണെന്നും രാഹുല്‍ കസ്റ്റഡിയിലില്ലെന്നുമായിരുന്നു എസ്‍പി വിജയ് ഭരത് റെഡിയുടെ പ്രതികരണം. ഇന്നലെ തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നിഷേധിച്ചശേഷവും രാഹുല്‍ ഒളിവില്‍ തുടരുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങുമെന്ന് കരുതി കാസർകോട് ഹോസ്ദുർഗില്‍ ഇന്നലെ പൊലീസ് നടത്തിയ നാടകം നാണക്കേടായെന്നാണ് വിലയിരുത്തല്‍. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അറിവില്ലാതെയാണ് കാസർകോട് പൊലീസ് ഈ നീക്കം നടത്തിയതെന്നാണ് സൂചന.

രാഹുലിന്‍റെ ഒളിസങ്കേതം കണ്ടെത്താനായിട്ടില്ല. പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചുകൊണ്ടാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നത്. കസ്റ്റഡിയിലെടുത്ത രാഹുലിന്‍റെ ഡ്രൈവറെയും പേഴ്സണല്‍ അസിസ്റ്റന്‍റിനെയും വിശദമായി ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഹുല്‍ പാലക്കാട് നിന്ന് രക്ഷപ്പെട്ടത്. യുവതിയുടെ പരാതി മുഖ്യമന്ത്രിയ്ക്ക് ലഭിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്‍റെ മുങ്ങല്‍. സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറില്‍ പൊള്ളാച്ചിയിലെത്തി അവിടെ നിന്നും മറ്റൊരു കാറില്‍ കോയമ്ബത്തൂരിലേക്ക് പോവുകയായിരുന്നു. പിന്നീട് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിയായ ബാഗല്ലൂരിലെത്തി അവിടത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടേക്ക് അന്വേഷണ സംഘം എത്തുന്നുവെന്ന വിവരം അറിഞ്ഞ് പിന്നീട് ബെംഗളൂരുവിലേക്കും രാഹുല്‍ പോയി. ഇവിടെയും അന്വേഷണ സംഘം എത്തുന്നതിന് മുമ്ബെ രാഹുല്‍ രക്ഷപ്പെട്ടു. പൊലീസ് എത്തുന്നകാര്യം രാഹുല്‍ എങ്ങനെയാണ് മുൻകൂട്ടി അറിയുന്നതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പൊലീസില്‍ നിന്ന് തന്നെ വിവരം ചോരുന്നുവെന്ന സംശയമാണ് ബലപ്പെടുന്നത്. ഇതോടെ അന്വേഷണ സംഘം കൂടുതല്‍ ജാഗ്രതയോടെയാണ് മുന്നോട്ടു നീങ്ങുന്ത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുലിന്‍റെ ഫോണുകള്‍ ഓണായത് കീഴടങ്ങുമെന്ന സൂചനയാണ് നല്‍കിയതെങ്കിലും ഇന്നലെ അത്തരമൊരു നീക്കമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!