യുഎസിൽ പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തകർന്നു; സംഭവം ഏറ്റവും ഉയരത്തിലെത്തിയപ്പോൾ – വിഡിയോ

പോർട്‌ലാൻഡ്: യുഎസിൽ പറക്കുന്നതിനിടെ ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തകർന്നതോടെ ഭീതിയിലായി യാത്രക്കാർ. പോർട്‌ലാൻഡിൽനിന്ന് ഒന്റാറിയോയിലേക്കു പോകുകയായിരുന്ന അലാസ്ക എയർലൈൻസിന്റെ ബോയിങ് 737–9 മാക്സ് വിമാനത്തിന്റെ വാതിലാണ് പറന്നുയർന്ന ശേഷം തകർന്നത്.
ക്യാബിന്റെ മധ്യത്തിൽ പുറത്തേക്കിറങ്ങാൻ സാധിക്കുന്ന വാതിലാണ് തകർന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. യാത്ര ആരംഭിച്ച പോർട്‌ലാൻഡ് രാജ്യാന്തര വിമാനത്താവളത്തിലേക്കു തന്നെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. 171 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വാതിൽ തകർന്നപ്പോൾ വിമാനം പരമാവധി ഉയരമായ 16,325 അടിയിൽ എത്തിയിരുന്നു. ഇതിനു ശേഷമാണു തിരിച്ച് വിമാനത്താവളത്തിലേക്ക് ഇറക്കിയത്. ആർക്കും പരുക്കോ മറ്റ് അപകടമോ ഉണ്ടായതായി റിപ്പോർട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് അലാസ്ക എയർലൈൻസ് അറിയിച്ചു.

