KSDLIVENEWS

Real news for everyone

ട്രൂഡോയുടെ വിമാനം വീണ്ടും തകരാറിലായി; അന്ന് ഇന്ത്യയിലെങ്കില്‍ ഇത്തവണ ജമൈക്കയില്‍

SHARE THIS ON

ടൊറന്റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഔദ്യോഗിക വിമാനം വീണ്ടും തകരാറിലായി. ഇത്തവണ ജമൈക്കയിലേക്ക് കുടുംബവുമായി ഒഴിവുസമയം ചെലവിടാന്‍ പോയ വിമാനമാണ് തകരാറിലായത്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് വ്യോമസേനയുടെ മറ്റൊരു വിമാനം അയച്ചാണ് പ്രധാനമന്ത്രിയേയും കുടുംബത്തേയും രാജ്യത്ത് തിരിച്ചെത്തിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
പ്രധാനമന്ത്രിക്കൊപ്പം റോയല്‍ കനേഡിയന്‍ എയര്‍ ഫോഴ്‌സിന്റെ രണ്ട് സിസി-144 വിമാനങ്ങള്‍ ജമൈക്കയില്‍ ഉണ്ടായിരുന്നതായി കനേഡിയന്‍ പ്രതിരോധ വകുപ്പ് വക്താവ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. എന്നാല്‍, പ്രധാനമന്ത്രിയും സംഘവുമായി പോയ വിമാനം അവിടെ എത്തിയതിന് പിന്നാലെ തകരാറിലായി. രണ്ടാം വിമാനത്തില്‍ പ്രശ്‌നം പരിഹരിക്കാനുള്ള സംഘത്തെ എത്തിച്ചു. പ്രധാനമന്ത്രി തിരിക്കുന്നതുവരെ കരുതല്‍ സേവനത്തിനായി ഇവിടെ തുടര്‍ന്നുവെന്നും വക്താക്കള്‍ അറിയിച്ചു.


ഡിസംബര്‍ 26-നായിരുന്നു ട്രൂഡോയും അകന്നുകഴിയന്ന ഭാര്യയടക്കമുള്ള കുടുംബാംഗങ്ങളും ജമൈക്കയിലേക്ക് അവധി ചെലവിടാനായി പോയത്. വ്യാഴാഴ്ചയായിരുന്നു സംഘം കാനഡയിലേക്ക് തിരിക്കേണ്ടിയിരുന്നത്. എന്നാല്‍, രണ്ടാം തീയതി വിമാനം തകരാറിലാണെന്ന് കണ്ടെത്തി. മൂന്നാം തീയതി വിമാനം അറ്റകുറ്റപ്പണിക്കായി സംഘമെത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ പറ്റില്ലെന്ന് വ്യക്തമാവുകയായിരുന്നു.

നേരത്തെ, ജി20 ഉച്ചകോടിക്കെത്തിയപ്പോള്‍ ഇന്ത്യയില്‍വെച്ച് ട്രൂഡോയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്ന് യാത്ര മുടങ്ങിയിരുന്നു. ജസ്റ്റിന്‍ ട്രൂഡോയും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന സംഘത്തിന് പിന്നീട് ഒന്നര ദിവസത്തിന് ശേഷമാണ് തിരിച്ചുപറക്കാന്‍ സാധിച്ചത്. കാനഡയില്‍ തീവ്രവാദ ഘടകങ്ങള്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ വിമാനം കേടായത് വലിയ വിവാദത്തിന് കാരണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!