കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിയിലേക്കോ: പാര്‍ട്ടി അധ്യക്ഷ സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറല്‍ പാർട്ടിയുടെ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകള്‍.
കനേഡിയൻ പത്രമായ ദി ഗ്ലോബ് ആൻഡ് ദ മെയില്‍ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച നടക്കാനിരിക്കുന്ന പാർട്ടി-വൈഡ് കോക്കസിന് മുന്നോടിയായിട്ടായിരിക്കും രാജി. അതേസമയം, പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് രാജി വെച്ച് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജി.
ജഗ്മീത് സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) പിന്തുണയോടെയാണ് ലിബറല്‍ പാർട്ടി വിജയിച്ചത്. പ്രതിപക്ഷമായ കണ്‍സർവേറ്റീവ് പാർട്ടിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ട്രൂഡോ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സെപ്തംബറില്‍ എൻഡിപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ലിബറലുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കാൻ അവിശ്വാസ വോട്ട് അവതരിപ്പിക്കുമെന്ന് സിംഗ് പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബറില്‍ ഏകദേശം 20ഓളം എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തില്‍ ഒപ്പിട്ടിരുന്നു. ട്രൂഡോയുടെയും സർക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സർക്കാർ നേരിടുന്നത്. ഡിസംബർ 16-ന്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചിരുന്നു. ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി.
ഈ മാസം അവിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ എൻഡിപിയുടെ പിന്തുണയില്ലെങ്കില്‍ സർക്കാർ പരാജയപ്പെടും. ലിബറല്‍ പാർട്ടിക്ക് നിലവില്‍ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാൻ ഹൗസ് ഓഫ് കോമണ്‍സിലെ 338 അംഗങ്ങളില്‍ ഭൂരിപക്ഷത്തിൻ്റെ പിന്തുണ ആവശ്യമാണ്.

