പ്രക്ഷോഭം തുടരുന്നു: കൂടാതെ ട്രംപിന്റെ മുന്നറിയിപ്പും; ഇറാനിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം

ടെഹ്റാൻ: ഇറാനിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഇറാനിൽ വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭം നിയന്ത്രണാതീതമാകുകയും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദേശം.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പുലർത്തണമെന്നും പ്രക്ഷോഭമുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് നിർദേശമുണ്ട്. ഇറാനിൽ ഏകദേശം 10,000 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്.
സമാധാനപരമായി സമരം ചെയ്യുന്നവരെ കൊലപ്പെടുത്താൻ ശ്രമിച്ചാൽ, ഇറാനിൽ ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2022 ൽ മാസങ്ങളോളം നീണ്ട സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമാണിപ്പോൾ നടക്കുന്നത്.

