കാർ തടഞ്ഞുനിർത്തി കവർച്ച: അഞ്ച് പേർകൂടി അറസ്റ്റിൽ

മഞ്ചേശ്വരം: കാർ തടഞ്ഞുനിർത്തി സ്വർണവ്യാപാരിയിൽനിന്ന് പതിനാലര ലക്ഷം രൂപ കവർന്ന കേസിൽ അഞ്ചുപേർ കൂടി അറസ്റ്റിൽ. കർണാടക സ്വദേശികളായ അബ്ദുൾ അസീസ് (27), അബ്ദുൾ റൗഫ് (28), രഞ്ജിത് കുമാർ (27), മുഹമ്മദ് ഉസ്മാൻ (28), മുഹമ്മദ് റിസ്വാൻ (26) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ 12-ന് രാവിലെ 5.30-നാണ് കവർച്ച നടത്തിയത്. പഴയ സ്വർണം ശേഖരിച്ച് വ്യാപാരം നടത്തുന്ന മംഗളൂരു സ്വദേശിയും സുഹൃത്തും കാറിൽ മംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യവേ ഗോവിന്ദ് പൈ കോളേജിന് സമീപത്തുവെച്ച് കവർച്ചസംഘം കാർ തടയുകയായിരുന്നു. അഞ്ചംഗ സംഘം വ്യാപാരിയെ മറ്റൊരു കാറിൽ കയറ്റിക്കൊണ്ടുപോയി കൈയിലുണ്ടായിരുന്ന പതിനാലരലക്ഷം രൂപ കവർന്നുവെന്നാണ് പരാതി
കേസിൽ പ്രതികളായ രണ്ടുപേർ റിമാൻഡിലാണ്. മഞ്ചേശ്വരം ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

