സര്‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന് യു.എന്‍ ഘടകം

മനുഷ്യാവകാശ ഹൈക്കമ്മീഷണർ ആവശ്യപ്പെട്ടു. സമാധാനപരമായ സമ്മേളനത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്നും ഒ.എച്ച്.സി.എച്ച്.ആർ. പറഞ്ഞു.
“കർഷക പ്രതിഷേധങ്ങളിൽ പരമാവധി സംയമനം പാലിക്കാൻ ഞങ്ങൾ അധികാരികളോടും പ്രതിഷേധക്കാരോടും അഭ്യർത്ഥിക്കുന്നു. സമാധാനപരമായ കൂടിച്ചേരലിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശങ്ങൾ ഓഫ്ലൈനിലും ഓൺലൈനിലും പരിരക്ഷിക്കണം. എല്ലാവരുടേയും മനുഷ്യാവകാശങ്ങൾ ബഹുമാനിച്ചുകൊണ്ട് ഉചിതമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടത് നിർണായകമാണ്”, ഒ.എച്ച്.സി.എച്ച്.ആർ. ട്വീറ്റ് ചെയ്തു.
ഇതിനിടെ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കർഷകസംഘടനകൾ ശനിയാഴ്ച രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകൾ മൂന്നുമണിക്കൂർ ഉപരോധിക്കും.വഴിതടയലിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ചനടത്തിയിരുന്നു.
റോഡുപരോധത്തിനുള്ള മാർഗരേഖ സംയുക്ത കിസാൻ മോർച്ചയും പുറത്തിറക്കി. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെ ദേശീയ-സംസ്ഥാന പാതകൾമാത്രം ഉപരോധിക്കുക, സ്കൂൾ ബസുകൾ, ആംബുലൻസുകൾ, അവശ്യവസ്തുക്കളുമായുള്ള വാഹനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക, പോലീസുകാരോടോ സർക്കാർ പ്രതിനിധികളോടോ പൊതുജനങ്ങളോടോ ഏതെങ്കിലും തരത്തിലുള്ള സംഘർഷങ്ങളിൽ ഏർപ്പെടാതിരിക്കുക എന്നിങ്ങനെയാണ് സമരക്കാർക്കുള്ള നിർദേശങ്ങൾ. മൂന്നുമണിക്ക് ഒരു മിനിറ്റുനേരം വാഹനങ്ങളുടെ സൈറൺമുഴക്കി സമരം സമാപിക്കും.

