ആചാരം ലംഘിച്ചാല്‍ 2 വര്‍ഷം തടവ്, പരമാധികാരി തന്ത്രി; ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്

കോട്ടയം: അധികാരത്തിലെത്തിയാൽ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്തുമെന്ന് യുഡിഎഫ്. നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു.ഡി.എഫ്. പുറത്തുവിട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് കരട് പുറത്തുവിട്ടത്. ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും കരട് പറയുന്നു.
ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തതിന് പിന്നാലെയാണ് ശബരിമല വിഷയം യുഡിഎഫിന്റെ പ്രചാരണത്തിൽ ഇടംപിടിച്ചത്. ഇതിന് പിന്നാലെ ഐശ്യര്യ കേരള യാത്രയിൽ ഇത് പ്രധാന മുദ്രാവാക്യമായി ഇത് മാറുകയും ചെയ്തു. തുടക്കത്തിൽ വിഷയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന നിലപാടിലായിരുന്നു എൽഡിഎഫിനെങ്കിലും പ്രതികരിക്കാൻ അവരും നിർബന്ധിതരായി.
തുടർന്ന് ശബരിമല നിയമത്തിന്റെ കരട് പ്രസിദ്ധീകരിക്കാൻ യുഡിഎഫിനെ മന്ത്രി എ.കെ. ബാലൻ വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കിൽ കരട് യു.ഡി.എഫ്. പുറത്തുവിടണമെന്നും ഇക്കാര്യത്തിൽ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും ബാലൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായായണ് കോൺഗ്രസ് തയ്യാറാക്കിയ നിയമത്തിന്റെ കരട് രൂപം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പുറത്ത് വിട്ടത്.
മുൻ ഡിജിപി ടി. ആസിഫ് അലിയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ നിയമം ഉറപ്പായും നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. ശബരിമലയിലെ ആചാരസംരക്ഷണം എന്നത് മുറുകെപ്പിടിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

