മധ്യപ്രദേശിൽ അനധികൃത പടക്കനിർമാണ ഫാക്ടറിയിൽ സ്‌ഫോടനം; 7 മരണം, നിരവധി പേർക്ക് പരിക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹർദയിൽ അനധികൃത പടക്കനിർമാണ ഫാക്ടറിയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ ഏഴുപേര്‍ മരിച്ചു. അറുപതോളം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് ഹർദയിലെ ബൈരാഗഡ് പ്രദേശത്തെ ഫാക്ടറിയിൽ സ്‌ഫോടനമുണ്ടായത്. സമീപത്തെ അറുപതോളം വീടുകളും നിരവധി വാഹനങ്ങളും കത്തിനശിച്ചു. നൂറിലധികം വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. ഫാക്ടറിയിൽ തുടർച്ചയായി സ്‌ഫോടനങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ടെന്നും തീപ്പിടിത്തത്തിൻ്റെ കാരണം നിലവിൽ വ്യക്തമല്ലെന്നും ഹർദ പോലീസ് സൂപ്രണ്ട് (എസ്പി) സഞ്ജീവ് കാഞ്ചൻ അറിയിച്ചു. ഹർദ, ബേതുൽ, ഖണ്ട്വ, നർമ്മദാപുരം എന്നിവിടങ്ങളിൽനിന്ന് ആംബുലൻസുകളും ഫയർ എഞ്ചിനുകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തെത്തുന്നുണ്ട്. മുഖ്യമന്ത്രി ഡോ.മോഹൻ യാദവ് മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഫാക്ടറിയിൽ 100 തൊഴിലാളികൾ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. മന്ത്രി ഉദയ് പ്രതാപ് സിങ്, അഡീഷണൽ ചീഫ് സെക്രട്ടറി അജിത് കേസരി, ഡെപ്യൂട്ടി ജനറൽ ഹോം ഗാർഡ് അരവിന്ദ് കുമാർ എന്നിവരോട് സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ഭോപ്പാൽ മെഡിക്കൽ കോളേജിനോടും എയിംസിലെ ബേൺ യൂണിറ്റിനോടും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും നിർദേശം നൽകിയിട്ടുണ്ട്. മന്ത്രി ഉദയ് പ്രതാപ് സിങ് ഹർദയിലെ ജില്ലാ ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. കളക്ടറുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

