തൊഴില്‍ തട്ടിപ്പ് ഭീഷണിയില്‍ പ്രവാസികള്‍; കടുത്ത നടപടിയുമായി യുഎഇ, പണികിട്ടിയത് 55 സ്ഥാപനങ്ങള്‍ക്ക്

അബുദാബി: അനധികൃതമായി റിക്രൂട്ട്മെന്റ് നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി യുഎഇ. സർക്കാരില്‍ നിന്ന് അനുമതി വാങ്ങാതെ കഴിഞ്ഞവർഷം റിക്രൂട്ട്മെന്റ് നടത്തിയ 55 സ്ഥാപനങ്ങള്‍ക്കെതിരെയാണ് മാനവ വിഭവശേഷി, എമിറേറ്റിസേഷൻ മന്ത്രാലയം നടപടി സ്വീകരിച്ചത്.
ഇവയില്‍ അഞ്ച് സമൂഹമാദ്ധ്യമ അക്കൗണ്ടുകളും ഉള്‍പ്പെടുന്നു.
നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും മന്ത്രാലയത്തിന്റെ റെക്കാഡുകളില്‍ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ ബ്ളോക്ക് ചെയ്തു. ചില സ്ഥാപനങ്ങളെ പൊതുവിചാരണയ്ക്ക് വിധേയമാക്കിയെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും താല്‍ക്കാലികമായി ജോലിക്ക് നിയമിക്കുന്നതും രാജ്യത്ത് നിയമവരുദ്ധമാണ്. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷത്തില്‍ കുറയാത്ത തടവും രണ്ടുലക്ഷം ദിർഹം മുതല്‍ ഒരു ദശലക്ഷം ദിർഹം വരെ പിഴയും ലഭിക്കും.
സമൂഹമാദ്ധ്യമങ്ങളിലും മറ്റ് പ്ളാറ്റ്ഫോമുകളിലും എത്തുന്ന പരസ്യങ്ങള്‍, ക്യാമ്ബെയിനുകള്‍ എന്നിവ കണ്ടെത്തിയാണ് മന്ത്രാലം തൊഴില്‍ തട്ടിപ്പുകാരെ
പിടികൂടുന്നതെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഖലീല്‍ അല്‍ ഖൂരി പറഞ്ഞു. ശരിയായ ലൈസൻസില്ലാതെ ഇത്തരം പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടതായി തെളിയുന്ന കമ്ബനികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യും.
സംശയാസ്പദമായി പ്രവർത്തിക്കുന്ന കമ്ബനികളില്‍ പരിശോധന നടത്തി ആവശ്യമെങ്കില്‍ പൊതുവിചാരണയ്ക്ക് നിർദേശിക്കും. തട്ടിപ്പിന് ഇരയാകുന്നത് ഒഴിവാക്കാൻ പ്രവാസികളും യുഎഇ നിവാസികളും ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപായി സ്ഥാപനത്തിന് ലൈസൻസ് ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും ഖലീല്‍ അല്‍ ഖൂരി വ്യക്തമാക്കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്റെ കോള്‍ സെന്ററില്‍ അറിയിക്കുകയോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ളിക്കേഷനിലൂടെ പരാതിപ്പെടുകയോ ചെയ്യാം.

