ബസ് യാത്രക്കാരിയുടെ പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് കവര്‍ന്നു; മൂന്ന് സ്ത്രീകള്‍ മഞ്ചേശ്വരത്ത് പിടിയില്‍

കാസർകോട്: ബസ് യാത്രക്കിടയിൽ സ്ത്രീയുടെ മൊബൈൽ ഫോണും 8000 രൂപയും അടങ്ങിയ ബാഗ് കവർന്ന കേസിൽ മൂന്നു വനിതകൾ കസ്റ്റഡിയിൽ. തമിഴ്നാട് സ്വദേശികളായ മൂന്നു പേരാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിട്ടുള്ള ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചയോടെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. സമാനരീതിയിൽ നടത്തിയ നിരവധി കവർച്ചാ കേസുകളിൽ പ്രതികളായവരാണ് പൊലീസിന്റെ പിടിയിലായത്. മഞ്ചേശ്വരം കുഞ്ചത്തൂർ മാടയിലെ പ്രഭാകരന്റെ ഭാര്യ താരാമണി (59)യുടെ ബാഗാണ് ചൊവ്വാഴ്ച ഉച്ചക്ക് കർണ്ണാടക കെഎസ്ആർടിസി ബസിലെ യാത്രക്കിടയിൽ നഷ്ടമായത്. ഇവർ നൽകിയ പരാതി പ്രകാരം കേസെടുത്ത പൊലീസ് വിവിധ സ്ഥലങ്ങിലെ സിസിടിവി ക്യാമറകളിലെ ദൃശ്യം പരിശോധിച്ചാണ് മോഷ്ടാക്കളെ കണ്ടെത്തിയത്.

