KSDLIVENEWS

Real news for everyone

ടാങ്കർ അപകടം; പുറത്തുകടക്കാൻ ഒന്നരദിവസം! മുംബൈ– പുണെ പാതയിൽ കുടുങ്ങിയ ആയിരങ്ങൾ വലഞ്ഞത് 33 മണിക്കൂർ

SHARE THIS ON

മുംബൈ: രാജ്യത്തെ ഗതാഗത മേഖലയിലെ അഭിമാന ചുവടുവയ്പായ 95 കിലോമീറ്റർ മുംബൈ– പുണെ അതിവേഗപ്പാത കുറച്ചു കാലമായി യാത്രാദുരിതങ്ങളുടെ ഇടമായി മാറിയിരിക്കുകയാണ്. പാതയിൽ സംഭവിക്കുന്ന ചെറിയ അപകടങ്ങൾ പോലും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കുണ്ടാക്കുന്നു. കഴിഞ്ഞദിവസത്തെ ടാങ്കർ അപകടം, ജനത്തെ വലച്ചതു നീണ്ട 33 മണിക്കൂറാണ്.

പ്രതിദിനം ലക്ഷം വാഹനങ്ങൾ
ഏകദേശം 1,600 കോടി രൂപ ചെലവിൽ നിർമിച്ച മുംബൈ– പുണെ അതിവേഗപ്പാത 2002ലാണു പൂർണമായും പ്രവർത്തനസജ്ജമായത്. അതോടെ മുംൈബ, പുണെ നഗരങ്ങൾ തമ്മിൽ റോഡ് മാർഗമുള്ള യാത്രാസമയം 6 മണിക്കൂറിൽ നിന്ന് 3 മണിക്കൂറായി കുറഞ്ഞു. അതേസമയം, സ്ഥിരം യാത്രക്കാർക്കു പുറമേ വിനോദസഞ്ചാരികളും വലിയ ചരക്കുവാഹനങ്ങളും വലിയതോതിൽ പാതയെ ആശ്രയിക്കാൻ തുടങ്ങിയതോടെ അതുവഴി പോകുന്ന വാഹനങ്ങളുടെ എണ്ണവും കൂടി. നിലവിൽ, പ്രതിദിനം ഒരു ലക്ഷത്തിലേറെ വാഹനങ്ങളാണു പാതയെ ആശ്രയിക്കുന്നത്. അതുമൂലം, പലപ്പോഴും ഇരുനഗരങ്ങൾ തമ്മിലുള്ള യാത്രാസമയം 5–6 മണിക്കൂർ വരെ നീളാറുണ്ട്. വാരാന്ത്യങ്ങളിലും ദീപാവലി, ക്രിസ്മസ് പോലെയുള്ള ആഘോഷവേളകളിലും സ്ഥിതി കൂടുതൽ സങ്കീർണമാകും.

അതിവേഗപ്പാത ‘റെഡ് സോൺ’
മുംബൈ– പുണെ അതിവേഗപ്പാതയിൽ അപകടങ്ങൾ കൂടുതലായും സംഭവിക്കുന്ന ഖണ്ഡാല– ലോണാവാല ഘാട്ട് സെക്‌ഷനിലെ റോഡ് വളവുകൾ നിറഞ്ഞതും കുത്തനെയുള്ളതുമാണ്. അവിടെ വശങ്ങളിൽ അധികം സ്ഥലമില്ലാത്തത് അപകടത്തിൽപെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതു ദുഷ്കരമാക്കാറുണ്ട്. അതിവേഗപ്പാതയിൽ തടസ്സമുണ്ടായാൽ അവിടത്തെ വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള മറ്റൊരു സമാന്തര പാതയും നിലവിലില്ല. പഴയ ഹൈവേക്ക് അതിവേഗപ്പാതയിലെ തിരക്ക് താങ്ങാൻ കഴിയില്ല. കൂടാതെ, ഇന്ധനവും രാസവസ്തുക്കളും കൊണ്ടുപോകുന്ന ടാങ്കറുകൾ കടന്നുപോകുന്നതിനാൽ ഗ്യാസ് ചോർച്ചയോ തീപ്പിടിത്തമോ ഉണ്ടായാൽ സുരക്ഷാകാരണങ്ങളാൽ ഗതാഗതം പൂർണമായും തടയേണ്ടിവരുന്നതും പ്രശ്നമാണ്. കഴിഞ്ഞദിവസം ഖണ്ഡാല താഴ്‌വരയ്ക്കു സമീപം സംഭവിച്ചതും ഇതായിരുന്നു.

error: Content is protected !!