പോറ്റിയെ ശബരിമലയിൽ കയറ്റിയത് കോൺഗ്രസിന്റെ ദേശീയ നേതാവ്: ചർച്ചയിൽനിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നു; മുഖ്യമന്ത്രി

പത്തനംതിട്ട: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് ഉന്നതനായ കോൺഗ്രസ് ദേശീയ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് മധ്യമേഖല വികസനമുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
‘‘പോറ്റിയെ ശബരിമലയിൽ കയറ്റിയത് എൽഡിഎഫ് സർക്കാരാണെന്നാണ് പ്രചാരണം. പോറ്റി കയറിയത് 2004ലാണ്. അന്ന് ദേവസ്വം മന്ത്രി ആരായിരുന്നു? ഇന്നത്തെ ഉന്നതനായ കോൺഗ്രസ് ദേശീയ നേതാവ്. അന്നു മുതലാണ് എല്ലാ കളികളും കളിക്കാനുള്ള അവസരം പോറ്റിക്ക് ഉണ്ടാകുന്നത്. ഇതെല്ലാം ചർച്ച ചെയ്യുന്നത് ഒഴിവാക്കാനാണ് നിയമസഭയിലെ ചർച്ചയിൽനിന്ന് പ്രതിപക്ഷം ഒളിച്ചോടിയത്’’–മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല അയ്യപ്പ സംഗമത്തിനു തൊട്ടു മുൻപാണ് ശബരിമലയിലെ പീഢം സംബന്ധിച്ച ആരോപണവുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി രംഗത്തുവന്നത്. അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താനാണ് അങ്ങനെ ചെയ്തത്. വിജിലൻസ് അന്വേഷിച്ചു. പീഢം പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ ഉണ്ടായിരുന്നു. വിജിലൻസും പൊലീസും അവിടെ നിർത്തിയില്ല. മറവിലുള്ള കുറ്റവാളികളെ പിടികൂടി. ആര് എന്നത് പ്രശ്നമല്ല. തെറ്റു ചെയ്തവരോട് സർക്കാരിനു ദാക്ഷണ്യമില്ല. ഒരു ബാഹ്യശക്തിയും അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ കൈകൾ ശുദ്ധമാണ്. കുറ്റം ചെയ്ത ആരും രക്ഷപ്പെടില്ല.
എയിംസ് അടക്കമുള്ള പദ്ധതികൾ സംസ്ഥാനത്തിന് അനുവദിക്കാത്തതിനെ മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്ര നേതാക്കളുടെ സംസാരം കേട്ടാൽ ഇപ്പോൾ പദ്ധതി കിട്ടുമെന്നു തോന്നുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, അടുത്ത ബജറ്റ് പ്രഖ്യാപനത്തിൽ കാണില്ല. ഇത്തവണയും കേന്ദ്ര ആരോഗ്യമന്ത്രിയെ നഡ്ഡയെ കണ്ടു. കേരളത്തിന് എയിംസ് അനുവദിച്ചില്ല. കേരളത്തിൽ ഏത് പദ്ധതി വന്നാലും കോൺഗ്രസും ബിജെപിയും എതിർക്കും. ബിജെപിയുടെ ബി ടീം ആയി കോൺഗ്രസ് മാറി. ഏത് അതിവേഗ റെയിൽ പദ്ധതിയായാലും കേരളത്തിനു പ്രശ്നമല്ല. പദ്ധതി നടപ്പിലായാൽ മതി. പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

