KSDLIVENEWS

Real news for everyone

ജാമ്യംകിട്ടി, വീണ്ടും അറസ്റ്റിന് നീക്കം; കോടതിയിലേക്ക് ഓടിക്കയറി ഷിയാസ്‌, വെല്ലുവിളിച്ച് കുഴല്‍നാടൻ

SHARE THIS ON

കൊച്ചി: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലം ടൗണിൽ പ്രതിഷേധിച്ച കേസിൽ
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും മാത്യുകുഴൽനാടൻ എംഎൽഎയ്ക്കും ജാമ്യം. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിന് പിന്നാലെ ഷിയാസിനെ വാഹനം ആക്രമിച്ചകേസില്‍ അറസ്റ്റുചെയ്യാന്‍ പോലീസ് ശ്രമിച്ചു. ഇതോടെ ഷിയാസ്‌ കോടതിയിലേക്ക് ഓടിക്കയറി.

കോതമംഗലത്തെ പ്രതിഷേധത്തിനെതിരെയെടുത്ത കേസില്‍ ഇരുവര്‍ക്കുമൊപ്പം അറസ്റ്റിലായ 14 പ്രവർത്തകർക്കും ജാമ്യം ലഭിച്ചു. അടുത്ത മൂന്നുമാസം കോതമംഗലം ടൗണില്‍ പ്രവേശിക്കരുതെന്ന നിബന്ധനയിലായിരുന്നു ജാമ്യം. ജാമ്യം ലഭിച്ച് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിച്ചശേഷം എറണാകുളത്തേക്ക് പോകാന്‍ വാഹനത്തില്‍ കയറവെയായിരുന്നു വീണ്ടും അറസ്റ്റുചെയ്യാന്‍ പോലീസ് ശ്രമിച്ചത്. പ്രതിഷേധിച്ച കേസില്‍ അറസ്റ്റുചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിന് നേരെ നടത്തിയ അക്രമത്തിലെടുത്ത പൊതുമുതല്‍ നശിപ്പിക്കല്‍ കേസിലായിരുന്നു അറസ്റ്റുചെയ്യാന്‍ ശ്രമം.

ജാമ്യം ലഭിച്ച ഉത്തരവില്‍ ഷിയാസ് ഒപ്പിട്ടിരുന്നില്ല. നാലുമണിവരെ കോടതിയില്‍ തുടരാനാണ് ഇവരുടെ തീരുമാനം. എന്നാൽ, ഇതിനുശേഷം പുറത്തിറങ്ങിയാലും അറസ്റ്റുചെയ്യാന്‍ തന്നെയാണ് പോലീസ് നീക്കം.
കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട വിഷയത്തിൽ മാത്യു കുഴൽനാടന്റെയും എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടേയും നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസം നടത്തിയിരുന്നു. ഈ സമരപ്പന്തലിൽ നിന്നാണ് കുഴൽനാടനേയും ഷിയാസിനേയും പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്ത് നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു പോലീസ് കേസെടുത്തിരുന്നത്. ആശുപത്രി സംരക്ഷണ നിയമപ്രകാരം ഉൾപ്പെടെയുള്ള വകുപ്പുകൾ മാത്യുകുഴൽനാടനെതിരേ ചുമത്തിയിരുന്നു. ഇരുവർക്കും കഴിഞ്ഞദിവസം കോടതി താൽകാലിക ജാമ്യം അനുവദിച്ചിരുന്നു.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് കോതമംഗലത്ത് പ്രതിഷേധം നടത്തിയിരുന്നു. കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം ടൗണിലാണ് പ്രതിഷേധം നടന്നത്. മൃതദേഹവും വഹിച്ച് റോഡിലൂടെ പ്രതിഷേധവുമായി നീങ്ങിയ നേതാക്കളെയും പ്രവർത്തകരെയും പോലീസ് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!