KSDLIVENEWS

Real news for everyone

മനുഷ്യ-വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു; മുഖ്യമന്ത്രി അധ്യക്ഷനായി സമിതി

SHARE THIS ON

തിരുവനന്തപുരം: മനുഷ്യ – വന്യജീവസംഘര്‍ഷം പ്രത്യേക ദുരന്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഓഫീസറായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനെ നിയോഗിക്കും. തുടര്‍ച്ചായി വന്യജീവി ആക്രമണങ്ങളില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ രൂപവത്കരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയാണ് സംസ്ഥാനതല സമിതിയുടെ അധ്യക്ഷന്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ മറ്റൊരു സമിതിയും ഉണ്ടാകും. പ്രാദേശിക ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കും.  വന്യജീവി സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽ തദ്ദേശസ്വയംരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ജാഗ്രതാ സമിതികൾ നിലവിലുണ്ട്. ജാഗ്രതാ സമിതികളായിരിക്കും പ്രാദേശിക തലത്തിൽ വന്യജീവി സംഘർഷം തടയുന്നതിനുള്ള നടപടികൾ തയ്യാറാക്കുന്നതും നടപ്പിലാക്കുന്നതും. ഇവർ ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ കൂടി നിർദേശപ്രകാരമായിരിക്കണം പ്രവർത്തിക്കേണ്ടത്. അടിയന്തര സാഹചര്യങ്ങളിൽ ഈ സമിതി നടപടികൾ സ്വീകരിച്ച് ജില്ലാസമിതിയുടെ സാധൂകരണം തേടിയാൽ മതിയാകും.  പ്രകൃതിദുരന്ത സമയങ്ങളിൽ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച ഒരുക്കുന്ന നിരീക്ഷണ സംവിധാനത്തിനു സമാനമായി, വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ചുമതലയിൽ ഒരു കൺട്രോൾ റൂം പ്രവർത്തിക്കും. കൺട്രോൾ റൂമിൽ മതിയായ വാർത്താവിനിയമ സങ്കേതങ്ങൾ ഒരുക്കും. വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ സമയാസമയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉൾപ്പെടെ ആധുനിക വിവര-വിനിമയ സംവിധാനങ്ങൾ സജ്ജമാക്കും. ഇവിടങ്ങളിൽ താത്ക്കാലിക വാച്ചർമാരെ നിയോഗിക്കും. വന്യജീവി ആക്രമണത്തെത്തുടർന്ന് പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാര തുക എത്രയും വേഗം നൽകുന്നതിന് വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തും. ഇതിന്റെ പുരോഗതി വനം വകുപ്പ് സെക്രട്ടറി വിലയിരുത്തണം. ഇതിലേക്ക് ആവശ്യമായി വരുന്ന ചെലവുകളെ ട്രഷറി നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കും. മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കിഫ്ബി വഴി ഇപ്പോൾ അനുവദിച്ചിട്ടുള്ള 100 കോടി രൂപയ്ക്കു പുറമെ 110 കോടി രൂപ കൂടി (ആകെ 210 കോടി രൂപ) കിഫ്ബി മുഖാന്തരം അനുവദിക്കാൻ നടപടി സ്വീകരിക്കും.  മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനുമുള്ള ദീർഘകാല- ഹ്രസ്വകാല പദ്ധതികൾക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ അന്തർദേശീയ ദേശീയ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കും. ഇത്തരം വിഷയങ്ങൾ ഏകോപിപ്പിക്കാൻ കേരള-കർണ്ണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഇന്‍റർസ്റ്റേറ്റ് കോ-ഓർഡിനേഷൻ കമ്മിറ്റി യോഗങ്ങൾ ചേരും. ഇതിനായി ചീഫ് സെക്രട്ടറി, വനം വകുപ്പ് മേധാവി എന്നിവരെ ചുമതലപ്പെടുത്തും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!