അഭിമന്യുവിന്റെ കൊലപാതകം; സെഷൻസ് കോടതിയിൽ സമർപ്പിച്ച നിർണായക രേഖകൾ കാണാതായി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകൾ എറണാകുളം സെഷൻസ് കോടതിയിൽനിന്ന് കാണാതായി. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്ന് ഇവ പുനഃസൃഷ്ടിക്കാൻ ഹൈക്കോടതി ജില്ല ജഡ്ജിക്ക് നിർദേശം നൽകി. ഇതിനുള്ള നടപടികൾ സെഷൻസ് കോടതിയിൽ തുടങ്ങി. ചാർജ് ഷീറ്റ്, പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ് അടക്കമുള്ള 11 രേഖകളാണ് നഷ്ടമായത്. രേഖകൾ കണ്ടെത്താൻ കഴിയാത്ത വിധം നഷ്ടമായതായെന്ന് മനസ്സിലായതോടെയാണ് ഹൈക്കോടതിയെ അറിയിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ഇവ പുനഃസൃഷ്ടിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. ഇക്കാര്യത്തിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ബന്ധപ്പെട്ട കക്ഷികൾക്ക് സെഷൻസ് കോടതി നോട്ടീസ് നൽകി. മാർച്ച് 17-നു മുൻപ് എതിർപ്പുണ്ടെങ്കിൽ അറിയിക്കാനാണ് നിർദേശം. നഷ്ടപ്പെട്ട രേഖകളുടെ പകർപ്പുകൾ പ്രോസിക്യൂഷനിൽ നിന്നാണ് തേടിയിരിക്കുന്നത്. വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകൾ കാണാതായത്. 2018 ജൂലായ് രണ്ടിന് പുലർച്ചെ 12.45-നാണ് അഭിമന്യു കൊല്ലപ്പെടുന്നത്. എസ്.ഡി.പി.ഐ.-കാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ.