മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ രഞ്ജി ട്രോഫി ജേതാവുമായ സുധീര്‍ നായിക് അന്തരിച്ചു,

മുംബൈ: മുന്‍ ഇന്ത്യന്‍ ഓപ്പണറും മുംബൈയെ രഞ്ജി ട്രോഫി വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനുമായ സുധീര്‍ നായിക് (78) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദാദറിലെ വീട്ടില്‍ കുഴഞ്ഞ് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. 1974-ല്‍ ഇന്ത്യയ്ക്കായി മൂന്ന് ടെസ്റ്റ് മത്സരങ്ങളും രണ്ട് ഏകദിനങ്ങളും കളിച്ചു. ഏകദിനത്തില്‍ ഇംഗ്ലണ്ട് മണ്ണില്‍ ഇന്ത്യയ്ക്കായി ആദ്യ ബൗണ്ടറി നേടിയ താരമാണ് സുധീര്‍. 1974-ല്‍ ലീഡ്‌സിലെ ഹെഡിങ്‌ലിയിലായിരുന്നു ഇത്. 1971-ലാണ് മുംബൈയെ രഞ്ജി ട്രോഫി വിജയത്തിലേക്ക് നയിച്ചത്. 85 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 4376 റണ്‍സ് നേടിയിട്ടുണ്ട്. മുന്‍ താരങ്ങളായിരുന്നു സഹീര്‍ ഖാന്‍, വസീം ജാഫര്‍ എന്നിവരുടെ പരിശീലകന്‍ കൂടിയായിരുന്നു സുധീര്‍. ദീര്‍ഘകാലം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ചീഫ് ക്യുറേറ്റര്‍ കൂടിയായിരുന്നു. 2011-ല്‍ ഇന്ത്യ കിരീടം നേടിയ ലോകകപ്പിനായി പിച്ചൊരുക്കിയത് ഇദ്ദേഹമായിരുന്നു.