KSDLIVENEWS

Real news for everyone

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മറ്റ്‌ പോംവഴിയില്ലാതെ; പോലീസ് റിപ്പോര്‍ട്ട് നിര്‍ണായകമായി

SHARE THIS ON

തിരുവനന്തപുരം: ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്ന കാരണത്താൽ സമ്പൂർണ്ണ ലോക്ഡൗൺ ഒട്ടും നിവൃത്തിയില്ലെങ്കിൽ മാത്രമേ നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നത്. എന്നാൽ കേസുകൾ 40,000 കടന്നു. അതോടെയാണ് അനിവാര്യമായ ലോക്ഡൗണിലേക്ക് കേരളം കടക്കാനുള്ള നിർണായക തീരുമാനം സർക്കാർ കൈക്കൊണ്ടത്. കോവിഡ് കേസുകൾ കുത്തനേ കൂടിയോടെയാണ് മിനിലോക്ഡൗണിലൂടെ നിയന്ത്രണം ശക്തമാക്കാമെന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ ചൊവ്വാഴ്ച ആരംഭിച്ച മിനിലോക്ഡൗൺ കാര്യമായ ഫലം കാണുന്നില്ലെന്ന് ആദ്യ ദിവസം തന്നെ പോലീസ് റിപ്പോർട്ട് നൽകി. പുറത്തിറങ്ങുന്ന 80 ശതമാനം പേരും അനാവശ്യ യാത്രകളാണ് നടത്തുന്നത്. ചോദ്യം ചെയ്യുമ്പോൾ ഓരോ ന്യായീകരണങ്ങൾ നിരത്തുകയാണെന്നും ഡിജിപിക്ക് ലഭിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് സമ്പൂർണ്ണലോക്ക്ഡൗൺ പരിഗണനയിലേക്ക് വന്നത്. അടുത്ത ആഴ്ച കേസുകളുടെ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും വളരെ നിർണായകമാണെന്നുമുള്ള വിദഗ്ദ്ധ സമിതി റിപ്പോർട്ട് കൂടി ലഭിച്ചതോടെ സമ്പൂർണ്ണ ലോക്ഡൗണിലേക്ക് സംസ്ഥാനം കടക്കുകയായിരുന്നു. നേരത്തെ കോവിഡ് വ്യാപനം കേന്ദ്ര ആരോഗ്യ മന്ത്രാലയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ ഉയർന്ന ജില്ലകളിൽ സമ്പൂർണ്ണലോക്ക്ഡൗൺ നിർദേശിച്ചിരുന്നു. ഈ ഘട്ടത്തിൽ തന്നെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15-നും 20 ശതമാനത്തിനും മുകളിലായിരുന്നു. ജനജീവിത്തെ വലയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ചേർന്ന സർവ്വകക്ഷിയോഗത്തിൽ എല്ലാ പാർട്ടികളും സമ്പൂർണ്ണ ലോക്ഡൗണിനോട് വിയോജിപ്പ് പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കർശനിയന്ത്രണങ്ങലോടെ മിനിലോക്ഡൗൺ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!