പ്ലേ ഓഫ് സാധ്യത എല്ലാ ടീമുകള്‍ക്കും, ഐ.പി.എല്ലില്‍ ഇനി തീപാറും പോരാട്ടങ്ങള്‍

2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഫിനിഷിങ് പോയന്റിലേക്ക് അടുക്കുകയാണ്. എല്ലാ ടീമുകളും പകുതിയിലധികം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിലവിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തിന് ശേഷം ടൂര്‍ണമെന്റില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി.
എന്നാല്‍ തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായി. ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താലേ സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫിലേക്ക് കടക്കാനാകൂ. നിലവിലെ സാഹചര്യത്തില്‍ 10 മത്സരങ്ങളില്‍ നിന്ന് ഗുജറാത്തിന് 14 പോയന്റുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും 11 പോയന്റ് വീതമാണുള്ളത്. ഈ രണ്ട് ടീമുകള്‍ക്കും നാല് കളികള്‍ ബാക്കിയുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ക്ക് 10 പോയന്റ് വീതമാണുള്ളത്. ഇതില്‍ രാജസ്ഥാനും പഞ്ചാബിനും ഇനി നാല് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ബാംഗ്ലൂരിനും മുംബൈയ്ക്കും അഞ്ച് മത്സരങ്ങള്‍ ബാക്കിയുണ്ട്.
10 മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുള്ള കൊല്‍ക്കത്തയ്ക്കും ആറ് വീതം പോയന്റുള്ള സണ്‍റൈസേഴ്‌സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും പൂര്‍ണമായും ഐ.പി.എല്‍ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയിട്ടില്ല പക്ഷേ ഈ ടീമുകള്‍ക്കെല്ലാം ഇനിയുള്ള മത്സരങ്ങള്‍ ജീവന്മരണപ്പോരാട്ടങ്ങളാണ്. സണ്‍റൈസേഴ്‌സിനും ഡല്‍ഹിയ്ക്കും അഞ്ച് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഓരോ ടീമുകളുടെ നിലവിലെ പ്രകടനവും പ്ലേ ഓഫ് സാധ്യതകളും പരിശോധിക്കാം
ഗുജറാത്ത് ടൈറ്റന്‍സ്
നിലവില്‍ ടേബിള്‍ ടോപ്പേഴ്‌സാണ് ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത്. 10 മത്സരങ്ങളില്‍ ഏഴും വിജയിച്ച് 14 പോയന്റാണ് ഗുജറാത്തിനുള്ളത്. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം നേടിയാല്‍ ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പാണെന്ന് പറയാനാകൂ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകളുമായാണ് ഗുജറാത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.
രാജസ്ഥാന്‍ റോയല്‍സ്
തുടക്കത്തില്‍ മിന്നും ഫോമില്‍ കളിച്ച സഞ്ജുവും സംഘവും പിന്നീട് തുടര്‍ച്ചയായി പരാജയം രുചിച്ചു. അവസാന അഞ്ചുമത്സരങ്ങളില്‍ നാലിലും ടീം പരാജയപ്പെട്ടു. ഇതാണ് ലീഗില്‍ ഒന്നാമതായിരുന്ന രാജസ്ഥാനെ പിന്നിലേക്ക് വലിച്ചത്. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 10 പോയന്റ് മാത്രമുള്ള സഞ്ജുവും സംഘവും പട്ടികയില്‍ നാലാമതാണ്. ശേഷിക്കുന്ന നാല് മത്സരങ്ങളിലും വിജയിച്ചാലേ രാജസ്ഥാന് പ്ലേ ഓഫില്‍ കടക്കാനാകൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളുമായാണ് രാജസ്ഥാന് ഇനി മത്സരങ്ങളുള്ളത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി പട്ടികയില്‍ രണ്ടാമതാണ് ലഖ്‌നൗ. ബാംഗ്ലൂര്‍, പഞ്ചാബ്, ചെന്നൈ, രാജസ്ഥാന്‍ ടീമുകളാണ് ലഖ്‌നൗവിന്റെ പ്രധാന വെല്ലുവിളികള്‍. അവസാന നാല് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലെങ്കിലും വിജയിച്ചാല്‍ ലഖ്‌നൗവിന് പ്ലേ ഓഫ് ഉറപ്പിക്കാം. അതിന് മറ്റ് ഫലങ്ങളും ആശ്രയിക്കണം. അല്ലെങ്കില്‍ ടീം നാല് മത്സരങ്ങളിലും വിജയിക്കണം. നായകന്‍ രാഹുലിന്റെ അഭാവം ടീമിന് തിരിച്ചടിയാണ്. ഗുജറാത്ത്, സണ്‍റൈസേഴ്‌സ്, മുംബൈ, കൊല്‍ക്കത്ത എന്നീ ടീമുകളുമായാണ് ലഖ്‌നൗവിന് ഇനിയുള്ള മത്സരങ്ങള്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സ്
എം.എസ്.ധോനി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനും പ്ലേ ഓഫ് സാധ്യകള്‍ കൂടുതലാണ്. മഴമൂലം ലഖ്‌നൗവിനെതിരായ കളി മുടങ്ങിയതിനാല്‍ ചെന്നൈ 11 പോയന്റുമായി മൂന്നാമതാണ്. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ വിജയം നേടിയാല്‍ ടീമിന് പ്ലേ ഓഫില്‍ കയറാം. ലഖ്‌നൗവിനെപ്പോലെ അതിന് മറ്റ് മത്സരഫലങ്ങള്‍ കൂടി ആശ്രയിക്കണം. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത ടീമുകളുമായാണ് ചെന്നൈയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍. അതില്‍ ഡല്‍ഹിയുമായി രണ്ട് തവണ ടീം ഏറ്റുമുട്ടും.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഫാഫ് ഡുപ്ലെസ്സി നയിക്കുന്ന ബാംഗ്ലൂര്‍ നിലവില്‍ ഒന്‍പത് മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തിലെങ്കിലും വിജയിച്ചാല്‍ ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാം. നിലവില്‍ 9 മത്സരങ്ങളില്‍ നിന്ന് 10 പോയന്റാണ് ടീമിനുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളുമായാണ് ബാംഗ്ലൂരിന് ഇനി മത്സരങ്ങളുള്ളത്.
മുംബൈ ഇന്ത്യന്‍സ്
ബാംഗ്ലൂരിനെപ്പോലെ മുംബൈ ഇന്ത്യന്‍സിനും 9 മത്സരങ്ങളില്‍ നിന്ന് 10 പോയന്റാണുള്ളത്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തിലെങ്കിലും വിജയിച്ചാല്‍ ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാം. ചെന്നൈ, ബാംഗ്ലൂര്‍, ഗുജറാത്ത്, ലഖ്‌നൗ, ഹൈദരാബാദ് ടീമുകളുമായിട്ടാണ് മുംബൈയ്ക്ക് ഇനി മത്സരിക്കാനുള്ളത്.
പഞ്ചാബ് കിങ്‌സ്
രാജസ്ഥാന്‍ റോയല്‍സിന്റെ അതേ സാധ്യതകളാണ് ഏഴാമതുള്ള പഞ്ചാബിനുമുള്ളത്. 10 മത്സരങ്ങളില്‍ നിന്ന് 10 പോയന്റുള്ള പഞ്ചാബിന് ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിച്ചാല്‍ പ്ലേ ഓഫില്‍ കടക്കാം. കൊല്‍ക്കത്ത, ഡല്‍ഹി, രാജസ്ഥാന്‍ ടീമുകളുമായിട്ടാണ് പഞ്ചാബിന് ഇനി മത്സരങ്ങളുളളത്. അതില്‍ ഡല്‍ഹിയുമായി ടീം രണ്ടുതവണ ഏറ്റുമുട്ടും.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
നിതീഷ് റാണയുടെ നേതൃത്വത്തിലുള്ള കൊല്‍ക്കത്ത നിലവില്‍ പട്ടികയില്‍ എട്ടാമതാണ്. 10 മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റ് മാത്രമാണുള്ളത്. കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യതകള്‍ അത്ര സജീവമല്ല. ഇനിയുള്ള നാല് മത്സരങ്ങളിലും വിജയിച്ചാല്‍പ്പോലും കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല. അതിന് മറ്റ് മത്സരഫലങ്ങള്‍കൂടി ആശ്രയിക്കേണ്ടിവരും. ഇനിയൊരു തോല്‍വി ഏറ്റുവാങ്ങിയാല്‍ ടീം പ്ലേ ഓഫ് കാണാതെ പുറത്താകും. പഞ്ചാബ്, രാജസ്ഥാന്‍, ചെന്നൈ, ലഖ്‌നൗ ടീമുകളുമായാണ് കൊല്‍ക്കത്തയ്ക്ക് ഇനി മത്സരമുള്ളത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഹൈദരാബാദിനും പ്ലേ ഓഫ് വിദൂര സാധ്യതയാണ്. നിലവില്‍ 9 മത്സരങ്ങളില്‍ നിന്ന് 6 പോയന്റ് മാത്രമുള്ള ടീം ഒന്‍പതാം സ്ഥാനത്താണ്. ഇനിയുള്ള അഞ്ച് മത്സരങ്ങളില്‍ വിജയിച്ചാലും ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാനാകില്ല. അതിന് മറ്റ് മത്സരങ്ങളുടെ ഫലങ്ങള്‍ കൂടി അറിയണം. ഒരു മത്സരത്തില്‍ തോറ്റാല്‍ ടീം പുറത്താകും. രാജസ്ഥാന്‍, ലഖ്‌നൗ, ഗുജറാത്ത്, ബാംഗ്ലൂര്‍, മുംബൈ ടീമുകളാണ് ഇനിയുള്ള മത്സരങ്ങളില്‍ ഹൈദരാബാദിന്റെ എതിരാളികള്‍.
ഡല്‍ഹി ക്യാപിറ്റല്‍സ്
ഹൈദരാബാദിന്റെ അതേ പ്രതീക്ഷയാണ് ഡല്‍ഹിയ്ക്കുമുള്ളത്. പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഡല്‍ഹിയ്ക്ക് 9 കളികളില്‍ നിന്ന് 6 പോയന്റാണുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ഡല്‍ഹി നിര്‍ബന്ധമായും ജയിച്ചേതീരൂ. തോറ്റാല്‍ ടീം പുറത്താകും. എല്ലാ മത്സരങ്ങളിലും വിജയിച്ചാലും ഡല്‍ഹിയ്ക്ക് പ്ലേ ഓഫില്‍ കയറാന്‍ മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കേണ്ടിവരും. ബാംഗ്ലൂര്‍, ചെന്നൈ, പഞ്ചാബ് എന്നീ ടീമുകളുമായിട്ടാണ് ഡല്‍ഹിയ്ക്ക് ഇനി മത്സരങ്ങളുള്ളത്. അതില്‍ പഞ്ചാബ്, ചെന്നൈ ടീമുകളുമായി ഡല്‍ഹി രണ്ട് മത്സരങ്ങള്‍ വീതം കളിക്കും