കോവിഡ് ഭേദമായവരില്‍ കാണുന്ന ലോങ് കോവിഡിന് പ്രത്യേക പ്രാധാന്യം നൽകണം – W.H.O
കണ്ണൂർ: കോവിഡ് വന്ന് മാറിയവരിൽ കാണുന്ന ലോങ് കോവിഡിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന് ലോകാരോഗ്യസംഘടന. കോവിഡിനെ നേരിടാൻ ദീർഘകാല ആസൂത്രണവുമായി നീങ്ങണമെന്ന് നിർദേശിക്കുന്ന പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം. കോവിഡ് വന്ന ആറുശതമാനം രോഗികളിൽ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നെന്നാണ് കണ്ടെത്തൽ. 2025 വരെയുള്ള തന്ത്രപ്രധാനമായ ആസൂത്രണം സംബന്ധിച്ചാണ് ഡബ്ല്യു.എച്ച്.ഒ. റിപ്പോർട്ട് തയ്യാറാക്കിയത്.
വൈറസ് വ്യാപനം തടയുക, മരണങ്ങളും രോഗാതുരതയും കുറയ്ക്കുക എന്നിവയായിരുന്നു നേരത്തേ ഊന്നൽ നൽകിയ മേഖലകൾ. അതിനൊപ്പമാണ് ദീർഘകാല പ്രതിരോധ, നിയന്ത്രണവഴികളും കൂട്ടിച്ചേർത്തത്. കോവിഡ് വൈറസ് ഇവിടെത്തന്നെയുണ്ടാകും. അതിനാൽ ദീർഘകാല തന്ത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ രാജ്യങ്ങളെ സഹായിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലോങ് കോവിഡ്
കോവിഡ് വന്നുമാറിയ ചിലരിൽ നിലനിൽക്കുന്ന ദീർഘകാല അനുബന്ധപ്രശ്നങ്ങളാണ് ലോങ് കോവിഡ്. ഗുരുതരമല്ലെങ്കിലും കേരളത്തിലും ധാരാളമാളുകളിൽ ഇതുകാണുന്നു.
ലക്ഷണങ്ങളും പ്രശ്നങ്ങളും
വിട്ടുമാറാത്ത ക്ഷീണം
അമിത കിതപ്പ്, ശ്വാസംമുട്ടൽ
ആസ്ത്‌മ സമാന ലക്ഷണങ്ങൾ. ആസ്ത്‌മ വഷളാകൽ
രക്തത്തിൽ ഓക്സിജൻ അളവ് ചെറുതായി കുറയൽ
ശ്വാസകോശസ്തരത്തിൽ ഓക്സിജൻ -കാർബൺ ഡൈ ഓക്സൈഡ് വാതക കൈമാറ്റത്തിലെ പ്രശ്നങ്ങൾ
എക്സ്-റേ, സി.ടി. സ്കാൻ എന്നിവയിൽ ശ്വാസകോശത്തിൽ കണ്ടെത്തുന്ന പാടുകൾ. ഈ പാടുകൾ മിക്കവരിലും ക്രമേണ കുറയുന്നതായാണ് വിലയിരുത്തൽ.
മൂന്നുമാസത്തിലൊരിക്കൽ പരിശോധിക്കാം
ലോങ് കോവിഡ് ഉള്ളവരിൽ മഹാഭൂരിഭാഗത്തിനും ലക്ഷണങ്ങൾ കഠിനമാകാറില്ല. എങ്കിലും മൂന്നുമാസത്തിലൊരിക്കൽ വൈദ്യപരിശോധന നടത്തുന്നത് നല്ലത്. ലക്ഷണങ്ങൾ രൂക്ഷമാവുന്നെങ്കിൽ വൈകാതെ ചികിത്സ തേടണം.
ഡോ. പി.എസ്. ഷാജഹാൻ
പ്രൊഫസർ, പൾമണറി മെഡിസിൻ, ഗവ. ടി.ഡി. മെഡിക്കൽ കോളേജ്, ആലപ്പുഴ