KSDLIVENEWS

Real news for everyone

ശവമഞ്ചം ചുമന്ന് മേയര്‍, സല്യൂട്ട് നല്‍കി പോലീസ്; ഹൃദയഭേദകമായി നവജാതശിശുവിന്റെ സംസ്‌കാരചടങ്ങ്

SHARE THIS ON

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി പൊതുശ്മശാനത്തില്‍ പോലീസിന്റെയും കൊച്ചി കോര്‍പറേഷന്റെയും നേതൃത്വത്തിലായിരുന്നു സംസ്‌കാരം. വിടരുംമുമ്പേ കൊഴിഞ്ഞ കുരുന്നിനെ സല്യൂട്ട് നല്‍കിയാണ് പോലീസ് യാത്രയാക്കിയത്.

മേയര്‍ ഉള്‍പ്പെടെയുള്ളവരാണ് കുഞ്ഞുശവപേടകം ആംബുലന്‍സില്‍നിന്ന് ശ്മശാനത്തിലേക്ക് എത്തിച്ചത്. പിന്നീട്, പോലീസ് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ശവമഞ്ചത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ചിലര്‍ കളിപ്പാട്ടങ്ങളാണ് പേടകത്തിനുമുകളില്‍വെച്ചത്. തുടര്‍ന്ന് ശ്മശാനത്തിന്റെ ഒരു കോണിലൊരുക്കിയ വിശ്രമസ്ഥാനത്ത് അവനെയടക്കി.

ഒരുനഗരം മുഴുവനുമാണ് കുരുന്നിനെ ഏറ്റെടുത്തതെന്ന്, സംസ്‌കാരത്തിനു ശേഷം കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. ‘മേയര്‍ ഒരു വ്യക്തിയേക്കാളുപരി നഗരത്തിന്റെ പ്രതീകമാണ്. സമൂഹത്തില്‍ ആരും അനാഥരല്ലെന്നാണ് ഇത് തെളിയിക്കുന്നത്. പലപ്പോഴും വലിയ ആളുകള്‍ക്ക് കിട്ടുന്ന സല്യൂട്ടാണ് പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധപൂര്‍വം അവന് നല്‍കിയത്. സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന മൂല്യങ്ങളുടെ തെളിവാണത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനമ്പിള്ളി നഗറിലെ ഫ്‌ലാറ്റിലെ ശുചിമുറിയില്‍ പ്രസവിച്ച അവിവാഹിതയായ യുവതി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ സമ്മതപത്രം വാങ്ങിയാണ് പോലീസ് മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!