കോവിഡ് മുക്തരായ ഉടൻ മരിച്ചവരുടെ കണക്കെടുക്കാൻ സർക്കാർ, പോസ്റ്റ് കൊവിഡ് മരണവും പരിശോധിക്കും

തിരുവനന്തപുരം: വിട്ടുപോയ മരണങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് പുറമെ കോവിഡ് മുക്തരായി ഉടനെ മരിച്ചവരുടെയും പോസ്റ്റ് കോവിഡ് മരണങ്ങളുടെയും പ്രത്യേകം കണക്കെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനിടെ, കോവിഡ് മരണങ്ങള്‍ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ആരോഗ്യസെക്രട്ടറിക്ക് ചുറ്റും ഗൂഢസംഘം പ്രവര്‍ത്തിച്ചെന്നും, വിദഗ്ദസമിതിയില്‍ ഇരുന്നവര്‍ക്കെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമഗ്ര പുനഃപരിശോധനയ്ക്ക് സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നത്. വിട്ടുപോയ മരണങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിന് പുറമെ, കോവിഡ് മുക്തരായ ശേഷം ഉടനെയുണ്ടായ മരണങ്ങളുടെയും പോസ്റ്റ് കോവിഡ് മരണങ്ങളുടെയും കണക്കുകള്‍ കൂടി പ്രത്യേകമെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
നെഗറ്റീവായതിന് തൊട്ടുപിന്നാലെയുണ്ടായ മരണങ്ങളെ ഇമ്മീഡിയറ്റ് കോവിഡ് കേസായി കണക്കാക്കി കോവിഡ് മരണപ്പട്ടികയിലേക്കുള്‍പ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. നെഗറ്റീവായി 3 മാസത്തിന് ശേഷമുണ്ടായവയെ പോസ്റ്റ് കോവിഡായും കണക്കാക്കാനാണ് നിലവിലെ തീരുമാനം.
നെഗറ്റീവായി എത്രദിവസം വരെയുള്ളത് കോവിഡ് കണക്കില്‍ ഉള്‍പ്പെടുത്താമെന്നതിലടക്കം വിശദമായ മാര്‍ഗരേഖ തയാറാക്കണം. കോവിഡ് മുക്തിക്ക് ശേഷമുള്ള മരണങ്ങളെ നോണ്‍ കോവിഡ് മരണമായാണ് കണക്കാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്ന നിയമസഭാ രേഖ ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ പുറത്തുവിട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ 3 മാസത്തിനകം ഈ മരണങ്ങളുടെ കണക്കെടുക്കാനാണ് പോസ്റ്റ് കോവിഡ് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദേശം.
അതേസമയം, ഒന്നിനുപുറകെ ഒന്നായി സര്‍ക്കാര്‍ നടത്തുന്ന തിരുത്തല്‍ നടപടികളൊന്നും പ്രതിപക്ഷം അംഗീകരിക്കുന്നില്ല. സമഗ്രപരിശോധന വേണമെന്ന ഉറച്ചനിലപാട് പ്രതിപക്ഷം തുടരുകയാണ്. ജില്ലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടും സംസ്ഥാനസമിതി ഒഴിവാക്കിയ മരണങ്ങള്‍ പട്ടികയില്‍ ചേര്‍ത്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം പൊടിക്കൈയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിക്കുന്നു. ഡിസംബര്‍ മുതല്‍ ഇതുവരെ മരിച്ചവരുടെ പേരുകള്‍ വീണ്ടും പ്രസിദ്ധീകരിക്കുമെന്നറിയിച്ചെങ്കിലും ഇതുവരെ മറച്ചുവെച്ചതെന്തിനെന്ന പുതിയ ചോദ്യം ഉയരുകയാണ്. മാര്‍ഗരേഖ തന്നെ അട്ടിമറിച്ച്, ഒരിടത്തും രേഖപ്പെടുത്താതെ മരണങ്ങള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന നടന്നെന്ന ഗുരുതര ആരോപണവും വി ഡി സതീശന്‍ ഉന്നയിക്കുന്നു.