യൂറോകപ്പിന്റെ കളിമുറ്റത്ത് ഇനി അയാളില്ല; തോറ്റെങ്കിലും തലതാഴ്ത്തിയല്ല, രാജാവായി തന്നെ മടക്കം

ഇന്ന് കാണുന്ന പോര്‍ച്ചുഗലായിരുന്നില്ല അത്. യുസേബിയോയും ഫിഗോയുമൊക്കെ പന്തുതട്ടിക്കളിച്ചിട്ടും ഒറ്റ കിരീടവും നേടാനാകാതെ തലകുനിച്ചുമടങ്ങിയ പോര്‍ച്ചുഗീസ് പട. ഗാലറിയില്‍ തളം കെട്ടിക്കിടന്ന ഇരുട്ട്. ഒടുക്കം ആ ജനതയുടെ പ്രതീക്ഷകളേയും വഹിച്ച് അയാള്‍ ബൂട്ടുകെട്ടിയിറങ്ങുന്നു. ആളും ആരവങ്ങളും ഇല്ലാത്ത ആ സാമ്രാജ്യം ഏത് പോരാട്ടത്തിനും കെല്‍പ്പുള്ളൊരു ശക്തിയായി തലയെടുപ്പോടെ നില്‍ക്കുന്നതും അങ്ങനെയാണ്. ക്രിസ്റ്റ്യാനോയില്ലാതെ നിങ്ങള്‍ക്കൊരു പോര്‍ച്ചുഗീസ് ചരിത്രത്തേയും പൂര്‍ത്തിയാക്കാനാവില്ല. രണ്ട് കിരീടങ്ങള്‍, രണ്ടേ രണ്ട് കിരീടങ്ങള്‍. 2016 യൂറോ കപ്പും 2018-19 യുവേഫ നാഷന്‍സ് ലീഗും. പോര്‍ച്ചുഗല്‍, ചരിത്രത്തില്‍ ഇന്നേവരെ ഈ കിരീടങ്ങള്‍ മാത്രമേ നേടിയിട്ടുള്ളൂ. രണ്ടിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് നക്ഷത്രം പോലെ തിളങ്ങി നില്‍ക്കുന്നത് കാണാം.
കരിയറിന്റെ അവസാനത്തില്‍ മറ്റൊരു യൂറോകപ്പിന്റെ കളിമുറ്റത്ത് പന്തുതട്ടാനെത്തുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും അയാളുടെ ചിന്തകളിലെവിടേയും ഉണ്ടായിരുന്നിരിക്കില്ല. അങ്ങനെയൊരു പടിയിറക്കമാകണം അയാള്‍ സ്വപ്നം കണ്ടിട്ടുണ്ടാവുക. എന്നാല്‍ ഷൂട്ടൗട്ടിലെ മരണവരകടന്ന് പന്തെത്തിക്കാന്‍ പോര്‍ച്ചുഗീസ് നിരയിലൊരാള്‍ക്ക് സാധിക്കാതെ വന്നതോടെ ചിതറിയ സ്വപ്നങ്ങളുമായി ജര്‍മനിയില്‍ നിന്ന് അയാള്‍ക്ക് തിരിച്ചുനടക്കേണ്ടിവന്നു. ഇനിയൊരു യൂറോകപ്പ് ക്രിസ്റ്റ്യാനോയ്ക്ക് മുന്നിലില്ല. തന്റെ അവസാനത്തെ യൂറോകപ്പാണെന്ന് അയാള്‍ തന്നെ പ്രഖ്യാപിച്ചതാണ്. തോറ്റെങ്കിലും ആ മടക്കം തലതാഴ്ത്തിയല്ല. പരാജിതരുടെ നായകനായിട്ടുമല്ല. യൂറോപ്പിന്റെ രാജകുമാരനായി തന്നെയാണ്. ഇനി തനിക്ക് നേടാന്‍ എന്താണ് അവശേഷിക്കുന്നതെന്ന് റോണോ ചോദിക്കുന്നതും മറ്റൊന്നും കൊണ്ടല്ല. 2004-ല്‍ യൂറോകപ്പില്‍ പന്തുതട്ടിത്തുടങ്ങിയ കൗമാരക്കാരന്‍ രണ്ടുപതിറ്റാണ്ടിനിപ്പുറം മറ്റൊരു യൂറോയിലെത്തുമ്പോഴേക്കും യൂറോപ്യന്‍ ഫുട്‌ബോളിന്റെ മാത്രമല്ല ലോകഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ആ പേര് രേഖപ്പെടുത്തിവെച്ചതിന്റെ ബലത്തില്‍ കൂടിയാണ്. യൂസോബിയോയ്ക്കും ഫിഗോയ്ക്കുമെന്നല്ല ഒരു പോര്‍ച്ചുഗീസ് നായകനും അന്നുവരെ കഴിയാത്തത് സാധ്യമാക്കിയ ഇതിഹാസം. പോര്‍ച്ചുഗീസ് പടയുടെ കപ്പിത്താന്റെ തിരിച്ചിറക്കമെന്നതിനപ്പുറം യൂറോകപ്പിലെ റെക്കോഡുകളുടെ തോഴനായി മാറിയ രാജകുമാരന്റെ പടിയിറക്കം കൂടിയാണ് 2024-ലെ ജര്‍മനി ബാക്കിയാക്കുന്ന ഏറ്റവും ഹൃദയഭേദകമായ ചിത്രം.
ക്രിസ്റ്റ്യാനോ ജനിക്കുന്നതിനും ഒരു വര്‍ഷം മുമ്പ് 1984-ലാണ് പോര്‍ച്ചുഗല്‍ ആദ്യമായി യൂറോ കപ്പില്‍ കളിക്കാനെത്തുന്നത്. ആ ടൂര്‍ണമെന്റില്‍ തന്നെ ടീം സെമിയിലുമെത്തി. ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ലാറ്റിനി മിന്നും പ്രകടനം കാഴ്ചവെച്ച യൂറോയില്‍ സെമിയില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തിയതും ഫ്രാന്‍സ് തന്നെ. മത്സരത്തിന്റെ 119-ാം മിനിറ്റില്‍ ലക്ഷ്യം കണ്ട് പ്ലാറ്റിനി പോര്‍ച്ചുഗലിന്റെ വഴിയടച്ചു. സെമിയിലും ഫൈനലിലുമടക്കം ഒമ്പത് ഗോളുകള്‍ നേടിയ പ്ലാറ്റിനി അന്ന് റെക്കോഡുമിട്ടു. ഒരു യൂറോ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടം. ആ റെക്കോഡ് ഇന്നും ആര്‍ക്കും തകര്‍ക്കാനായിട്ടില്ല.
അന്ന് സെമിയില്‍ മടങ്ങിയ ടീം പിന്നീട് വരുന്നത് 1996-ലാണ്. ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിനോട് തോറ്റ് പുറത്തായി. 2000-ല്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍ വഴിമുടക്കി. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം യൂറോപ്പിന്റെ ചാമ്പ്യന്‍പട്ടത്തിനായി പോര്‍ച്ചുഗീസ് പട, അന്ന് ഫിഗോയ്ക്കും ഡെക്കോയ്ക്കുമൊപ്പം ക്രിസ്റ്റ്യാനോയുമുണ്ടായിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി നോക്കൗട്ടിലേക്ക് കടന്ന ടീം വമ്പന്‍മാരെ വീഴ്ത്തിയാണ് മുന്നേറിയത്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടും സെമിയില്‍ ഡച്ച്പടയും വീണു. എന്നാല്‍ ഫൈനലില്‍ ഗ്രീസിനോട് കാലിടറി. ഒരു ഗോളിന് തോറ്റ് മടങ്ങേണ്ടി വന്നു.
2008-ല്‍ ക്വാര്‍ട്ടറിലും 2012-ല്‍ സെമിയിലും പുറത്തായതോടെ ഒരു അന്താരാഷ്ട്ര കിരീടം ഇനിയും ഏറെ അകലെയാണെന്ന കടുത്ത യാഥാര്‍ഥ്യം പോര്‍ച്ചുഗീസ് ജനതയുടെ ഉള്ളുലയ്ക്കാന്‍ തുടങ്ങി. കാത്തിരിപ്പുകള്‍ക്ക് വീണ്ടും നീളമേറി. അന്ന് ഫിഗോയ്ക്കൊപ്പം പന്തുതട്ടിയ മദീരയിലെ കൗമാരക്കാരന്‍ യൂറോപ്പിലെ മൈതാനങ്ങളെ ത്രസിപ്പിച്ചുകൊണ്ടിരുന്ന സമയം. ക്രിസ്റ്റ്യാനോയുടെ നായകത്വത്തില്‍ തന്നെ പോര്‍ച്ചുഗല്‍ 2016 യൂറോ കപ്പിനെത്തി. എല്ലാ പ്രതീക്ഷകളും റോണോയിലായിരുന്നു. എന്നാല്‍ റോണോയ്ക്ക് മിന്നും പ്രകടനം പുറത്തെടുക്കാനാവാതെ വന്നതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗല്‍ നിരാശപ്പെടുത്തി. താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പായിരുന്നിട്ടും മൂന്നാം സ്ഥാനക്കാരായാണ് ക്രിസ്റ്റ്യാനോയും സംഘവും നോക്കൗട്ടിലെത്തുന്നത്. അതും ഒറ്റ ജയം പോലുമില്ലാതെ.
ആദ്യ മത്സരത്തില്‍ ഐസ്ലന്‍ഡിനോടാണ് സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ചു. രണ്ടാം മത്സരത്തില്‍ ഓസ്ട്രിയയ്ക്കെതിരേ ഗോള്‍രഹിത സമനില. മത്സരത്തില്‍ ക്രിസ്റ്റ്യാനോ പെനാല്‍റ്റിയും നഷ്ടപ്പെടുത്തി. എന്നാല്‍ ഹംഗറിയ്ക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ ഉഗ്രന്‍ തിരിച്ചുവരവ് നടത്തി. റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവില്‍ ടീം സമനില പിടിച്ച് പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു. പിന്നാലെ ക്രൊയേഷ്യയേയും വീഴ്ത്തി ക്വാര്‍ട്ടറിലേക്കും മുന്നേറി. പോളണ്ടിനെ ഷൂട്ടൗട്ടില്‍ കീഴടക്കി സെമി പ്രവേശവും.
സെമിയില്‍ റോണോയും സംഘവും ഉണര്‍ന്നുകളിച്ചു. അതുവരെ കണ്ട പോര്‍ച്ചുഗലായിരുന്നില്ല സെമിയില്‍. വെയില്‍സിനെതിരേ ആധികാരിക ജയം നേടിയാണ് പോര്‍ച്ചുഗീസ് പട മറ്റൊരു ഫൈനലിലേക്ക് ടിക്കറ്റെടുത്തത.് നായകന്‍ റൊണാള്‍ഡോയും പിന്നാലെ നാനിയും വലകുലുക്കിയതോടെ കിരീടമോഹംപേറി കലാശപ്പോരിനെത്തി. ഫൈനലില്‍ ഫ്രഞ്ച് പടയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ നായകനെ പാതിവഴിയില്‍ നഷ്ടപ്പെട്ടു പോര്‍ച്ചുഗലിന്. പരിക്കേറ്റ റൊണാള്‍ഡോ കണ്ണീരണിഞ്ഞ് മുടന്തിയാണ് കളം വിട്ടത്. എന്നാല്‍ പോരാടാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്ക് മുന്നില്‍ മറ്റൊന്നും തടസ്സമായില്ല. എക്സ്ട്രാ ടൈമില്‍ എഡറിന്റെ ഒറ്റ ഷോട്ടില്‍ പോര്‍ച്ചുഗീസ് ഫുട്ബോളിന്റെ ചരിത്രം പുതുക്കിയെഴുതപ്പെട്ടു. പരിക്കേറ്റ് പുറത്തായിട്ടും സൈഡ് ലൈനില്‍ കാലിലൊരു കെട്ടുമായി ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിന് താങ്ങായി നിന്നു. മൈതാനത്തിന്റെ വെള്ളവരയ്ക്ക് പുറത്ത് നിന്ന് ടീമിന് കരുത്തേകി. ക്രിസ്റ്റ്യാനോയെന്ന നായകനെ അക്ഷരാര്‍ഥത്തില്‍ അടയാളപ്പെടുത്തിയാണ് കലാശപ്പോര് കടന്നുപോയത്. അയാള്‍ പോര്‍ച്ചുഗീസ് ജനത ഇക്കാലമത്രയും കണ്ട സ്വപ്നം സഫലമാക്കിയ നായകനായി. യൂറോപ്പിന്റെ രാജാക്കന്‍മാരായി പോര്‍ച്ചുഗീസ് പട തലയുയര്‍ത്തി മടങ്ങി.
ടീമിനായി കിരീടമുയര്‍ത്തുകയെന്ന ചരിത്രത്തിലിന്നുവരെ മറ്റൊരു പോര്‍ച്ചുഗീസ് നായകനും എത്തിപ്പിടിക്കാനാവാത്ത നേട്ടം മാത്രമായിരുന്നില്ല ആ യൂറോയില്‍ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍നേടിയ മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോഡിനൊപ്പവും റൊണാള്‍ഡോയെത്തി. 2020-ല്‍ അഞ്ച് ഗോളുകള്‍ കൂടി നേടിയതോടെ ഗോള്‍നേട്ടം പതിനാലായി ഉയര്‍ത്തി. യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡും അതോടെ സ്വന്തമാക്കി. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ജര്‍മനിയിലെത്തുമ്പോഴേക്കും അയാള്‍ റെക്കോഡുകളുടെ തോഴനായി മാറിയിരുന്നു.
ഏറ്റവും കൂടുതല്‍ യൂറോ കപ്പ് ടൂര്‍ണമെന്റ് കളിച്ച താരം, യൂറോ കപ്പില്‍ കൂടുതല്‍ മത്സരം കളിച്ച താരം, ഏറ്റവും കൂടുതല്‍ യൂറോ കപ്പ് ടൂര്‍ണമെന്റുകളില്‍ ഗോളടിച്ച താരം എന്നിങ്ങനെ യൂറോ കപ്പിന്റെ ചരിത്രം റോണോ പലകുറി തിരുത്തിയെഴുതി. ആറ് യൂറോ കപ്പുകളിലാണ് താരം ബൂട്ടുകെട്ടിയത്. ഇത്രയും ടൂര്‍ണമെന്റുകളില്‍ കളിച്ച മറ്റൊരു താരവുമില്ല. അഞ്ച് ടൂര്‍ണമെന്റുകളിലും വലകുലുക്കി. യൂറോ യോഗ്യത മത്സരങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ താരം ബഹുദൂരം മുന്നിലാണ്.
യൂറോപ്പില്‍ സര്‍വ്വവും കീഴടക്കിയ റോണോ കിരീടത്തിളക്കത്തോടെ പടിയിറങ്ങാനാണ് ജര്‍മനിയിലെത്തിയത്. ഒരിക്കല്‍ കൂടി പോര്‍ച്ചുഗീസ് പടയെ യൂറോപ്പിന്റെ അധിപന്‍മാരാക്കുക. വീണ്ടും കപ്പുയര്‍ത്തുന്ന നായകനാകുക. പോര്‍ച്ചുഗലിന്റെ രാജകുമാരനായി യാത്ര പറഞ്ഞിറങ്ങുക. അത്ര മാത്രം. തന്റെ അവസാന യൂറോ കപ്പാണിതെന്ന് റൊണാള്‍ഡോ തന്നെ വ്യക്തമാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ജേതാക്കളായി തന്നെ റോണോയും സംഘവും നോക്കൗട്ടിലേക്ക് പ്രവേശിച്ചു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ ഗോള്‍ പോലും നേടാന്‍ പോര്‍ച്ചുഗീസ് നായകന് സാധിച്ചില്ല. പ്രീക്വാര്‍ട്ടറില്‍ സ്ലൊവീനിയയ്ക്കെതിരേ ഷൂട്ടൗട്ടിലാണ് പോര്‍ച്ചുഗല്‍ ജയിക്കുന്നത്. അധികസമയത്ത് കിട്ടിയ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റോണോ പൊട്ടിക്കരയുന്ന കാഴ്ചയ്ക്കും യൂറോ കപ്പ് സാക്ഷ്യം വഹിച്ചു.
ക്വാര്‍ട്ടറില്‍ ഫ്രഞ്ച് പടയ്‌ക്കെതിരേയും റോണോയും സംഘവും ഉഗ്രന്‍ പോരാട്ടം തന്നെ കാഴ്ചവെച്ചു. അവസാനമിനിറ്റുവരെ ആക്രമണ ഫുട്‌ബോളിന്റെ മൂര്‍ച്ച. ഗോള്‍മാത്രം അകന്നുനിന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. അവിടെയും പോര്‍ച്ചുഗലിന്റെ ആദ്യ കിക്കെടുക്കാന്‍ അയാളുണ്ടായിരുന്നു. തെല്ലിട സംശയത്തിനിടനല്‍കാതെ. ഏത് ഘട്ടത്തിലും ടീമിന് താങ്ങായും തണലായും താനുണ്ടാകുമെന്ന അടയാളപ്പെത്തല്‍ കൂടിയായിരുന്നു അത്. പിഴക്കാതെ ക്രിസ്റ്റ്യാനോ വലകുലുക്കി ടീമിന് ആത്മവിശ്വാസം നല്‍കി. പക്ഷേ ഒരു കിക്ക് മാത്രം വലയിലാക്കിയതുകൊണ്ടായില്ലല്ലോ. പിന്നാലെ വന്നവരില്‍ ജാവോ ഫെലിക്‌സിന് പിഴച്ചപ്പോള്‍ അവിടെ പോര്‍ച്ചുഗലിന്റെ യൂറോ യാത്രയ്ക്ക് കൂടി അവസാനമായി. നിരാശയോടെ പോര്‍ച്ചുഗീസ് പടയ്ക്ക് മടങ്ങേണ്ടിവന്നു. പിന്നാലെ പൊട്ടിക്കരഞ്ഞ പെപ്പെയെ ചേര്‍ത്തുപിടിക്കുന്ന റോണോയേയും കണ്ടു ഹാംബര്‍ഗിലെ സ്റ്റേഡിയത്തില്‍. ഇങ്ങനെയൊരു മടക്കമായിരുന്നില്ല അയാള്‍ ആഗ്രഹിച്ചിരുന്നത്. ഇനിയൊരു യൂറോകപ്പില്‍ പോര്‍ച്ചുഗലിന്റെ കപ്പിത്താനായി ആ ഏഴാം നമ്പറുകാരനെ കണ്ടേക്കില്ലെന്ന യാഥാര്‍ഥ്യം കളിപ്രേമികളുടെ ഉള്ളുലയ്ക്കുന്നുണ്ട്. എങ്കിലും പോര്‍ച്ചുഗലിന്റെ ഫുട്‌ബോള്‍ ചരിത്രം തിരുത്തിയെഴുതിയ ഇതിഹാസത്തെ, പോര്‍ച്ചുഗലിന് അന്താരാഷ്ട്ര കിരീടം നേടിത്തന്ന ഒരേയൊരു നായകനെ കായികലോകമൊന്നടങ്കം ചേര്‍ത്തുപിടിയ്ക്കുന്നു

