KSDLIVENEWS

Real news for everyone

വയനാട് തുരങ്കപാതയുമായി മുന്നോട്ട്: നിർമാണം ഭോപാൽ ആസ്ഥാനമായുള്ള കമ്പനിക്ക്, 1341 കോടിയുടെ കരാർ

SHARE THIS ON

തിരുവമ്പാടി (കോഴിക്കോട്): ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുമായി സംസ്ഥാനസർക്കാർ മുന്നോട്ട്. പദ്ധതിയുടെ നിർമാണക്കരാർ നൽകുന്നതിനുള്ള ടെൻഡർ വ്യാഴാഴ്ച തുറന്നു. ഭോപാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽകോൺ കമ്പനിക്കാണ് നിർമ്മാണക്കരാർ ലഭിച്ചിരിക്കുന്നത്. 1341 കോടി രൂപയ്ക്കാണ് കരാർ. നിർമാണക്കരാറിനായി 13 കമ്പനികളാണ് ടെൻഡർ നൽകിയിരുന്നത്.

ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ പണിയുന്ന പാലത്തിന്റെ കരാർ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്ര കൺസ്ട്രക്ഷൻ കമ്പനിക്ക് ലഭിച്ചു. 80.4 കോടി രൂപയാണ് കരാർ. ടെൻഡർ തുറന്ന സാഹചര്യത്തിൽ കരാർ ഒപ്പുവെക്കുന്നതോടെ വൈകാതെ പ്രവൃത്തി ആരംഭിക്കാനാകുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു.


മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളെ എളുപ്പം ബന്ധിപ്പിക്കാനുതകുന്ന പാത, മലയോര-കുടിയേറ്റ മേഖലയുടെ സമഗ്ര വികസനത്തിന് സഹായകരമാകും. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽനിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജിൽ അവാസാനിക്കുന്നതാണ് പാത. മറിപ്പുഴയിൽ നിർമിക്കുന്ന വലിയ പാലം അവസാനിക്കുന്നിടത്താണ് തുരങ്കം ആരംഭിക്കുക. 8.11 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ തുരങ്കപാതയാണ്. പത്ത് മീറ്റർ വീതമുള്ള നാലുവരിയായാണ് പാത. 300 മീറ്റർ ഇടവിട്ട ക്രോസ് വേകളുണ്ടാകും. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഗതാഗതസ്തംഭനം ഒഴിവാക്കാനാണിത്.

തുരങ്കപാതയ്ക്ക് 2022 ഫെബ്രുവരിയിലാണ് സംസ്ഥാനസർക്കാരിന്റെ പുതുക്കിയ അന്തിമഭരണാനുമതി ലഭിക്കുന്നത്. 2043.74 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നിർമാണമേൽനോട്ടം.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചില പരിസ്ഥിതിസംഘടനകൾ തുരങ്കപാതാ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നെങ്കിലും ഭരണ, പ്രതിപക്ഷ കക്ഷികളിൽനിന്നും ഒറ്റക്കെട്ടായി പാതയ്ക്കായുള്ള മുറവിളി തുടരുകയാണുണ്ടായത്. ഒറ്റപ്പെട്ട ചില രാഷ്ട്രീയനേതാക്കൾ മാത്രമാണ് തുരങ്കപാത സംബന്ധിച്ച് ആശങ്ക പങ്കുവെച്ചിരുന്നത്. തുരങ്കപാതയ്ക്കാവശ്യമായ വയനാട്, കോഴിക്കോട് ജില്ലകളിലെ മുഴുവൻ ഭൂമിയും മാസങ്ങൾക്കു മുൻപുതന്നെ ഏറ്റെടുത്ത്‌ നഷ്ടപരിഹാരത്തുക നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!