KSDLIVENEWS

Real news for everyone

അൻവറിന്റെ ആരോപണങ്ങളിൽ വേണ്ടത് ഭരണതലത്തിലുള്ള അന്വേഷണം: തെറ്റുകാർക്കെതിരെ ശക്തമായി നടപടിയെന്ന് എം.വി. ഗോവിന്ദൻ

SHARE THIS ON

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ ഭരണതലത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അന്‍വര്‍ ഉന്നയിച്ചതു ഭരണതലത്തിലുള്ള വീഴ്ചയുമായി ബന്ധപ്പെട്ടുള്ള വിഷയമാണ്. ഭരണതലത്തില്‍ തന്നെ പരിശോധന നടക്കണമെന്നാണു പാര്‍ട്ടിയുടെ നിലപാട്. അത്തരത്തില്‍ അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഡിജിപി നേതൃത്വം നല്‍കുന്ന സംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ലഭിക്കുന്നൊണ് വ്യക്തമാകുന്നത്.

ആ ഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ഏതെങ്കിലും കാര്യത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷിക്കേണ്ട കാര്യമുണ്ടെങ്കില്‍ പരിശോധിക്കും. തെറ്റായ നടപടി ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായി നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. പി.വി.അന്‍വര്‍ സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കും നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടേറിയറ്റ് പരിശോധിച്ചു. പരാതിയില്‍ ഉന്നയിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെ സര്‍ക്കാര്‍  സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. 

സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.

‘‘തൃശൂരില്‍ എഡിജിപിയെ മുന്നില്‍നിര്‍ത്തി ബിജെപിയുമായും ആഎസ്എസുമായും ബന്ധമുണ്ടാക്കിയെന്ന ആരോപണം അസംബന്ധമാണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിനെ ദത്തെടുത്ത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം നടത്തിയവരാണ് ആര്‍എസ്എസ്. ബീഡി തൊഴിലാളികളെ കൊന്നൊടുക്കി. പാര്‍ട്ടിയെ ഭീതിപ്പെടുത്താനുള്ള നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചത്. നിരവധി സഖാക്കളെ കൊന്ന ആര്‍എസ്എസിനോടു പൊരുതിയാണ് സിപിഎം മുന്നോട്ടുവന്നത്. ആര്‍എസ്എസുമായി തൃശൂരില്‍ ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. നേമത്ത് ഒ.രാജഗോപാല്‍ ജയിച്ചതും അങ്ങനെയാണ്. കോണ്‍ഗ്രസിന് തൃശൂരില്‍ 86000ത്തില്‍ വോട്ട് കുറയുകയാണ് ചെയ്തത്. സിപിഎമ്മിന് 16000 വോട്ട് കൂടുതല്‍ കിട്ടി. ബിജെപി ജയിച്ചതിന് ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്ന് എല്ലാവര്‍ക്കും അറിയാം. അതു മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ ആരോപണം ഉന്നയിക്കുന്നത്. കോണ്‍ഗ്രസിന്റെ വീക്ഷണം പത്രാധിപര്‍ മോഹനവര്‍മ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. അതേദിവസം തന്നെയാണ് പ്രതിപക്ഷ നേതാവ് ആര്‍എസ്എസ് സിപിഎം ബന്ധത്തെക്കുറിച്ച് കള്ളപ്രചാരവേല നടത്തുന്നത്’’- എം.വി.ഗോവിന്ദന്‍ പറഞ്ഞു.

പി.വി.അന്‍വര്‍ പരാതി എഴുതി നല്‍കിയിട്ടില്ലെന്നും അതുകൊണ്ടു ശശിയെ സംബന്ധിച്ച് ഒരു തരത്തിലുള്ള അന്വേഷണത്തിലേക്കും പാര്‍ട്ടി കടക്കേണ്ടതില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഇ.പി.ജയരാജന് എതിരെ ഒരു സംഘടനാ നടപടിയും എടുത്തിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പി.ശശി കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. എഡിജിപി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റി നിര്‍ത്താത്തതിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചു. എഡിജിപിയല്ല, ഡിജിപിയാണ് അന്വേഷിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ വിവരങ്ങള്‍ പുറത്തുവരും. അതുവരെ കാത്തിരിക്കാമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ജനപ്രതിനിധിയും പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമായ പി.വി.അന്‍വര്‍ ഇങ്ങനെയായിരുന്നില്ല പ്രശ്‌നം ഉന്നയിക്കേണ്ടിയിരുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. അന്‍വര്‍ പറയുന്നതു കേട്ട് രാഷ്ട്രീയസമരം നടത്തേണ്ടിവരുന്നത് കോണ്‍ഗ്രസിന്റെ പരാജയമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. അന്‍വറിന്റെ പിന്നില്‍ ആരുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!