KSDLIVENEWS

Real news for everyone

പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ്, ഞാൻ ഒറ്റയ്ക്കല്ല: വാട്സാപ്പ് പോയിന്റ് തുടങ്ങി പി.വി. അൻവർ

SHARE THIS ON

മലപ്പുറം: എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനേയും പത്തനംതിട്ട മുൻ എസ്.പി. സുജിത് ദാസിനേയും വിടാതെ പിന്തുടർന്ന് പി.വി. അൻവർ എം.എൽ.എ. വീണ്ടും ഗുരുതര ആരോപണങ്ങളാണ് ഇരുവർക്കുമെതിരേ പി.വി. അൻവർ ഉന്നയിച്ചത്. സ്വർണ്ണക്കള്ളക്കടത്തിലും കൊലപാതകക്കേസിലുമടക്കം ഇരുവർക്കും പങ്കുണ്ടെന്നാണ് പി.വി. അൻവറിന്റെ ആരോപണം.

നേരത്തെ പൊതുയിടത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും കൃത്യമായി പരാതി നൽകിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഡി.ജി.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായും പി.വി. അൻവർ പറഞ്ഞു. അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കകം സുജിത് ദാസ് ഐ.പി.എസിനെ സസ്പെൻഡ് ചെയ്തതായും അൻവർ പറഞ്ഞു.

പോലീസിലെ ക്രിമിനൽസുമായി ബന്ധപ്പെട്ട് പീഡിപ്പിക്കപ്പെട്ടവർ, കുറ്റവാളികളാക്കപ്പെട്ടവർ, കള്ളക്കേസിൽ കുടുക്കപ്പെട്ടവർ, ഇല്ലാത്ത എം.ഡി.എം.എ. കേസുണ്ടാക്കി സുജിത് ദാസും സംഘവും ജയിലിലടക്കപ്പെട്ടവർ, കണ്ടെടുത്ത മുതൽ കട്ടെടുത്തവർ, എം.ആർ. അജിത് കുമാർ അടക്കമുള്ളവർ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരുപാട് കോൾ വരുന്നുണ്ട്. അതുകൊണ്ട് വാട്സാപ്പ് പോയിന്റ് തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി വാട്സാപ്പ് നമ്പറും അദ്ദേഹം പുറത്തുവിട്ടു.

മുഖ്യമന്ത്രി സൂചിപ്പിച്ച പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ് ഞാനും കേരളത്തിലെ സഖാക്കളും, ഒറ്റയ്ക്കല്ല. ഒരുപാടാളുകൾ തേടിവരുന്നുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും സഖാക്കൾ ഇത്തരത്തിൽ ബന്ധപ്പെടുന്നുണ്ടെന്നും പി.വി. അൻവർ പറഞ്ഞു. മൊഴിയെടുക്കാൻ വരുന്ന ഐ.ജിയുടെ മുമ്പിൽ എല്ലാം തെളിവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും നൽകിയ പരാതിയിൽ പി ശശിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും നൽകിയത് ഒരേ പരാതിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞതാണ് വാസ്തവമെന്നും പിവി അൻവർ പറഞ്ഞു. പാർട്ടിയെ സംബന്ധിച്ച് പരസ്യമായി പരാതി ഉന്നയിച്ചത് പാർട്ടി സിസ്റ്റത്തിനെതിരാണ്. അത് ഗോവിന്ദൻ മാഷ് പറഞ്ഞത് ശരിയാണെന്നും എന്നാൽ താൻ പൊതുപ്രവർത്തകനെന്ന നിലയിലാണ് ആരോപണം ഉന്നയിച്ചതെന്നും പി.വി. അൻവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!