KSDLIVENEWS

Real news for everyone

പൂർണ് ഗർഭിണിയെ ചവിട്ടി വീഴ്ത്തി മർദിച്ചയാൾക്ക് ആസ്ട്രേലിയയിൽ തടവുശിക്ഷ

SHARE THIS ON

സിഡ്നി: പൂര്‍ണ ഗര്‍ഭിണിയായ മുസ്​ലിം സ്ത്രീയെ അകാരണമായി മര്‍ദിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്തയാള്‍ക്ക് ആസ്ട്രേലിയന്‍ കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സ്റ്റൈപ് ലോസിന (43) എന്നയാളെയാണ് ശിക്ഷിച്ചത്. നാല് കുട്ടികളുടെ മാതാവായ റന എലാസ്മര്‍ എന്ന 38കാരിയെയാണ് ഇയാള്‍ മുസ്​ലിം വിദ്വേഷം മുന്‍നിര്‍ത്തി ആക്രമിച്ചത്.

കഴിഞ്ഞ നവംബറിലായിരുന്നു ആക്രമണം. സിഡ്നിയിലെ കഫേയില്‍ ശിരോവസ്ത്രം ധരിച്ചിരിക്കുകയായിരുന്നു റന എലാസ്മര്‍. 38 ആഴ്ച ഗര്‍ഭിണിയായിരുന്നു അവര്‍. ഈ സമയം, സ്റ്റൈപ് ലോസിന നടന്നടുക്കുകയും റനയോട് വംശീയ ചുവയോടെ സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി തവണ മര്‍ദിക്കുകയും ചവിട്ടി നിലത്തുവീഴ്ത്തുകയും ചെയ്തു. നിലത്തുവീഴ്ത്തിയ ശേഷവും ക്രൂരമായ ആക്രമണം തുടര്‍ന്നു. റനയുടെ സുഹൃത്തുക്കളാണ് അക്രമിയെ തടഞ്ഞത്.

ചവിട്ടേറ്റ് നിലത്തുവീണെങ്കിലും ചെറിയ പരിക്കുകള്‍ മാത്രമേ റനക്ക് സംഭവിച്ചുള്ളൂ. ഗര്‍ഭസ്ഥ ശിശുവിനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

നിങ്ങളെക്കാള്‍ വ്യത്യസ്തമായ ആളുകളെ വാക്കുകളാലോ ശാരീരികമായോ ആക്രമിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് പറ്റിയ സ്ഥലമല്ല ആസ്ട്രേലിയ എന്ന് മനസിലാക്കണമെന്ന് കോടതി പരിസരത്ത് റന എലാസ്മര്‍ പറഞ്ഞു. സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും റന മാനസികാഘാതത്തില്‍ നിന്ന് മുക്തി നേടിയിട്ടില്ലെന്ന് സഹോദരി പറയുന്നു.

താന്‍ ഇസ്ലാമോഫോബിയ കാരണമല്ല എലാസ്മറിനെ ആക്രമിച്ചതെന്ന് പ്രതി സ്റ്റൈപ് ലോസിന കോടതിയില്‍ പറഞ്ഞു. താന്‍ മുസ്​ലിംകളെ വെറുക്കുന്നില്ലെന്നും എന്നാല്‍ അവരുമായി യോജിച്ചു പോകാനാകില്ലെന്നും ലോസിന പറഞ്ഞു. മൂന്നു വര്‍ഷത്തെ ശിക്ഷയില്‍ രണ്ടുവര്‍ഷം പരോള്‍ ഇല്ലാതെ ശിക്ഷ അനുഭവിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!