കോവിഡ് വൈറസ് കൂടുതൽ അപകടകാരി ; തൊലിപ്പുറത്ത് നിലനിൽക്കുക ഒൻപത് മണിക്കൂറോളമെന്ന് ഗവേഷകർ

ന്യൂഡല്‍ഹി: പരിവര്‍ത്തനം സംഭവിച്ച കൊവിഡ് രോഗ വൈറസിന് തടസമൊന്നുമുണ്ടായില്ലെങ്കില് ഒന്‍പത് മണിക്കൂറോളം തൊലിപ്പുറത്ത് നിലനില്ക്കാനാകുമെന്ന് കണ്ടെത്തല്‍. സൂക്ഷ്മ കണികകളായി വായുവിലൂടെയും ശരീര സ്രവങ്ങളിലൂടെയും പകരുമെന്ന് കണ്ടെത്തിയ രോഗാണുവിനെ അകറ്റാന്‍ ശരിയായ മാര്‍ഗം കൈകള്‍ വൃത്തിയായി സൂക്ഷിക്കുകയാണെന്നും പുതിയ പഠനങ്ങളും വ്യക്തമാക്കുന്നു. കൃത്രിമമായി നിര്‍മ്മിച്ച തൊലിപ്പുറത്ത് ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍.
ഇന്‍ഫ്ളുവന്‍സ എ വൈറസും കൊവിഡ് രോഗ വൈറസും എത്ര നേരം മനുഷ്യചര്‍മ്മത്തില്‍ നിലനില്‍ക്കുമെന്നാണ് പരീക്ഷിച്ചത്. മറ്റ് തടസങ്ങളൊന്നുമില്ലാത്ത അവസ്ഥയില്‍ ഇന്‍ഫ്ളുവന്‍സ വൈറസ് രണ്ട് മണിക്കൂറോളവും കൊവിഡ് രോഗ വൈറസ് ഒന്‍പത് മണിക്കൂറോളം നിലനിന്നു. എന്നാല്‍ 80 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ചപ്പോള്‍ 15 സെക്കന്റിനകം തന്നെ രണ്ട് വൈറസുകളും ഇല്ലാതായി. ആല്‍ക്കഹോള്‍ അടങ്ങിയിട്ടുളള സാനിറ്റൈസര്‍ ഉപയോഗിച്ചോ 20 സെക്കന്റോളം കൈ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയാലോ മാത്രമേ കൊവിഡ് രോഗത്തെ അകറ്റാനാകുളളുവെന്നാണ് അമേരിക്കന്‍ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവെന്‍ഷനിലെ വിദഗ്ധര്‍ പറയുന്നത്.
കൊവിഡ് രോഗ പകര്‍ച്ച തടയാനുളള പ്രതിരോധമായി ഉപയോഗിക്കുന്ന മാസ്ക് മൂലം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും ശ്വാസം മുട്ടലുണ്ടാക്കുന്നു എന്ന് പലരും പരാതിപ്പെടാറുണ്ട്. എന്നാല്‍ മാസ്ക് കാരണം ഓക്സിജന്‍ ശ്വാസകോശത്തില്‍ എത്തുന്നതിന് കുറവ് ഉണ്ടാകില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. ഗുരുതരമായ ശ്വാസകോശ രോഗമുളളവരില്‍ പോലും പ്രശ്നമുണ്ടാകുന്നില്ല. സര്‍ജിക്കല്‍ മാസ്ക് ഉപയോഗിക്കുന്ന രോഗികളിലും ഡോക്ടര്‍മാരിലും കാര്യമായ ബുദ്ധിമുട്ട് ഉണ്ടാകുന്നതായി പഠനത്തില്‍ കണ്ടില്ല. മാസ്കുകള്‍ കാരണം ചൂട് ഉച്ഛ്വാസവായു പുറന്തളളുന്നതിന്റെയും മുഖത്ത് ഇറുകുന്നതിന്റെയും ചില വിഷമതകള്‍ ഉണ്ടാകുമെങ്കിലും മറ്റ് കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ ശരീര താപനില അളക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍ കൃത്യമായ അളവ് കാണിക്കണമെന്നില്ല എന്ന് ഓസ്ട്രേലിയയിലെ ഗവേഷകര്‍ കണ്ടെത്തി. 37.5 ഡിഗ്രി വരെ താപനിലയുളളവരില് ഭേദപ്പെട്ട ഫലം നല്കിയ തെര്‍മോമീറ്റര്‍ അതിന് മുകളിലുളളവരില്‍ നല്കിയ ഫലം ദയനീയമായിരുന്നു. ആകെ 37 പേരില്‍ മാത്രമാണ് പനിയുളളതായി കണ്ടെത്തിയത്. ആശുപത്രികളില്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 265 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.

