ഖത്വറിന്റെ പുതിയ യാത്രാനയം ഇന്ന് ഉച്ച രണ്ടുമുതൽ പ്രാബല്യത്തിൽ; ഇനി രണ്ടുദിന ക്വാറൻറീൻ

ദോഹ: മാറ്റംവന്ന ഖത്തറിെൻറ പുതിയ യാത്രാനയം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ. ഉച്ച രണ്ടിനുശേഷം ദോഹയിൽ വിമാനമിറങ്ങുന്ന യാത്രക്കാർക്ക് പുതിയ യാത്രാനയം പ്രകാരമുള്ള മാർഗനിർദേശങ്ങളാവും ബാധകമാവുക. ഇന്ത്യ ഉൾപ്പെടെ എക്സപ്ഷനൽ റെഡ് ലിസ്റ്റ് വിഭാഗങ്ങളിൽപെടുന്ന ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമായ വിധത്തിലാണ് യാത്രാനയത്തിലെ പുതിയ മാറ്റങ്ങൾ. ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിൻ സ്വീകരിച്ച എല്ലാ യാത്രക്കാർക്കും ബുധനാഴ്ച മുതൽ രണ്ടുദിവസ ക്വാറൻറീൻ മതിയാവും. ഖത്തറിന് പുറത്തുനിന്നും വാക്സിൻ എടുത്തവർക്ക് 10 ദിവസ ക്വാറൻറീൻ വേണമെന്ന, രണ്ടു മാസത്തിലേറെയായി തുടരുന്ന നിബന്ധന ഇതോടെ അവസാനിക്കും. എന്നാൽ, മറ്റുരാജ്യങ്ങളിൽനിന്ന് വാക്സിൻ എടുത്തവർ ആൻറി ബോഡി ടെസ്റ്റിന് വിധേയരാവണം എന്നതാണ് പ്രധാന നിർദേശം. ഖത്തറിൽനിന്ന് വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റിവ് ആയാൽ ക്വാറൻറീൻ അവസാനിപ്പിക്കാം.

