KSDLIVENEWS

Real news for everyone

ഏഷ്യാകപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്താനെ തകർത്ത് ഇന്ത്യ: ജയം 88 റൺസിന്

SHARE THIS ON


കൊളംബോ: ഏഷ്യാകപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്താനെ തകർത്ത് ഇന്ത്യ. വനിതാ ലോകകപ്പിൽ 88 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 159 റൺസിന് പുറത്തായി. ലോകപ്പിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്.

ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ തുടക്കത്തില്‍ തന്നെ പതറി. 26 റണ്‍സിനിടെ ടീമിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മുനീബ അലി(2), സദഫ് ഷമാസ്(6), അലിയ റിയാസ്(2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എന്നാല്‍ നാലാം വിക്കറ്റില്‍ സിദ്ര ആമിനും നതാലിയ പെര്‍വൈസും ചേര്‍ന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് ടീമിനെ നൂറിനടുത്തെത്തിച്ചു. 33 റണ്‍സെടുത്ത നതാലിയയും പിന്നാലെ ക്യാപ്റ്റന്‍ ഫാത്തിമ സനയും(2) പുറത്തായി. അതോടെ ടീം 30.5 ഓവറില്‍ 102-5 എന്ന നിലയിലായി.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ക്രീസില്‍ നിലയറപ്പിച്ച് ബാറ്റേന്തിയ സിദ്ര ആമിനാണ് പാകിസ്താനെ മുന്നോട്ടുനയിച്ചത്. താരം അര്‍ധസെഞ്ചുറി തികച്ചതോടെ ടീമിന് നേരിയ ജയപ്രതീക്ഷ കൈവന്നു. എന്നാൽ ഇന്ത്യ വിക്കറ്റ് വീഴ്ത്തി തിരിച്ചടിച്ചു. സിദ്ര നവാസ്(14), രമീന്‍ ഷമീം(0) എന്നിവർ കൂടാരം കയറി. പിന്നാലെ പാകിസ്താന്റെ പ്രതീക്ഷയായിരുന്ന സിദ്ര ആമിനും പുറത്തായതോടെ ടീം പരാജയം മണത്തു. 106 പന്തില്‍ 81 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഒടുക്കം 159-ന് എല്ലാവരും പുറത്തായി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 247 റണ്‍സിന് പുറത്തായിരുന്നു. പാകിസ്താനെതിരേ ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യയുടേത്. ഓപ്പണര്‍മാരായ പ്രതിക റാവലും സ്മൃതി മന്ദാനയും പാക് ബൗളര്‍മാരെ ശ്രദ്ധയോടെയാണ് നേരിട്ടത്. 23 റണ്‍സെടുത്ത മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 31 റണ്‍സെടുത്ത പ്രതികയും പുറത്തായി. മൂന്നാം വിക്കറ്റില്‍ ഹര്‍ലീന്‍ ഡിയോളും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമാണ് ചേര്‍ന്ന് ഇന്ത്യയെ നൂറുകടത്തി. 19 റണ്‍സ് മാത്രമെടുത്ത് ഹര്‍മന്‍പ്രീത് കൗര്‍ മടങ്ങിയെങ്കിലും ജമീമ റോഡിഗ്രസുമായി ചേര്‍ന്ന് ഡിയോള്‍ ടീമിനെ 150 കടത്തി.

ഒടുവില്‍ 65 പന്തില്‍ നിന്ന് 46 റണ്‍സെടുത്താണ് ഡിയോള്‍ പുറത്തായത്. നാല് ഫോറുകളും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ജെമീമ 32 റണ്‍സെടുത്തപ്പോള്‍ ദീപ്തി ശര്‍മ(25), സ്‌നേഹ റാണ(20) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് സംഭാവന നല്‍കി. അവസാനഓവറുകളില്‍ റിച്ച ഘോഷ് വെടിക്കെട്ട് നടത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 247-ലെത്തി. റിച്ച ഘോഷ് 20 പന്തില്‍ നിന്ന് 35 റണ്‍സെടുത്തു. മൂന്ന് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു റിച്ചയുടെ ഇന്നിങ്‌സ്. പാകിസ്താനായി ഡയാന ബൈഗ് നാല് വിക്കറ്റെടുത്തു.

അതേസമയം മത്സരത്തിന് മുമ്പ് പാകിസ്താന്‍ വനിതാ ടീമിന്റെ ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തയ്യാറായില്ല. ടോസിന് ശേഷം ഇരുടീമിന്റെയും ക്യാപ്റ്റന്മാര്‍ ബ്രോഡ്കാസ്റ്ററോട് പ്രതികരിച്ച ശേഷം മടങ്ങി. ഏഷ്യാകപ്പില്‍ സ്വീകരിച്ച അതേ സമീപനം തന്നെ വനിതാ ലോകകപ്പിലും ഇന്ത്യ തുടരുകയായിരുന്നു. ഇക്കാര്യം നേരത്തേ ബിസിസിഐ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ടോസ് സമയത്ത് മാത്രമല്ല, മത്സരത്തിന് ശേഷവും പാക് താരങ്ങളുമായി കൈകൊടുക്കില്ല. ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും താരങ്ങള്‍ മത്സരത്തിലാണ് ശ്രദ്ധകൊടുക്കേണ്ടതെന്നുമാണ് ദേവജിത് സൈക്കിയ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!