സീതാംഗോളി സംഘര്‍ഷം: യുവാവിന്റെ കഴുത്തില്‍ തറച്ച കത്തി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു; കര്‍ശനനടപടിക്ക് ഒരുങ്ങി പൊലീസ്

കാസർകോട്: ഞായറാഴ്‌ച രാത്രി 11.30 മണിയോടെ സീതാംഗോളി ടൗണിൽ നടന്ന സംഘർഷത്തിനിടയിൽ യുവാവിന്റെ കഴുത്തിൽ തറച്ച കത്തി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
ബദിയഡുക്കയിലെ മത്സ്യവ്യാപാരിയായ കുട്ടൻ എന്ന അനിൽ കുമാ0റി (36)ൻ്റെ കഴുത്തിൽ തറഞ്ഞ കത്തിയാണ് മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ അത്യന്തം സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഐ സി യുവിൽ ചികിത്സയിലാണ് അനിൽകുമാർ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വാഹനങ്ങളും നാലുപേരും കുമ്പള പൊലീസിൻന്റെ കസ്റ്റഡിയിലാണ്. അക്രമികൾക്കെതിരെ വധശ്രമത്തിനു കേസെടുക്കുമെന്ന് കുമ്പള പൊലീസ് പറഞ്ഞു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘർഷത്തിനു ഇടയാക്കിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരനായ ഒരാൾക്കു കടമായി നൽകിയ പണം തിരികെ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സീതാംഗോളി ടൗണിൽ ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവങ്ങൾക്ക് കാരണമെന്നു കുമ്പള പൊലീസ് കൂട്ടിച്ചേർത്തു.അതേസമയം സംഘർഷവുമായി ബന്ധമുള്ള ചിലർ ഒളിവിൽ പോയതായാണ് സൂചന.

