KSDLIVENEWS

Real news for everyone

കേരളത്തിനാകെ നൊമ്പരമായ അങ്കമാലിയിലെ കുഞ്ഞിന്‍റെ കൊലപാതകം: അമ്മൂമ്മയുടെ അറസ്റ്റ് ഇന്നുണ്ടാകും

SHARE THIS ON

കൊച്ചി: കേരളത്തിനാകെ നൊമ്പരമായി മാറിയ അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണത്തിൽ ഇന്ന് പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കും. കുഞ്ഞിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ അമ്മൂമ്മയുടെ അറസ്റ്റടക്കം രേഖപ്പെടുത്തിയുള്ള നടപടികൾ ഇന്നുണ്ടാകും. അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക. മാനസിക പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.


അങ്കമാലിയെ നടുക്കിയ സംഭവം
അങ്കമാലി കറുകുറ്റിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആന്‍റണി – റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്‍റെ അമ്മ അടുക്കളയിലായിരുന്നു. ഒച്ചകേട്ട് അമ്മ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കണ്ടത്. പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന്‍റെ അടുത്ത് അമ്മൂമ്മ കിടന്നിരുന്നു. രണ്ടു മാസം മുമ്പ് ഓവര്‍ഡോസ് മരുന്ന് കഴിച്ച് ആശുപത്രിയിലടക്കം ആയിരുന്നു. അമ്മൂമ്മക്കായി കുഞ്ഞിന്‍റെ അമ്മ കഞ്ഞിയെടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ് സംഭവമെന്നാണ് പഞ്ചായത്ത് അംഗം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ആശുപത്രിയിൽ വെച്ച് ആഴത്തിലുള്ള മുറിവ് കണ്ട് സംശയിച്ചാണ് ആശുപത്രി അധികൃതര്‍ പൊലീസിൽ വിവരം അറിയിച്ചത്. മാനസികപ്രശ്നം അടക്കമുള്ളയാളാണ് അമ്മൂമ്മയെന്നും സോഡിയം കുറയുന്ന അസുഖം അടക്കം ഇവര്‍ക്കുണ്ടെന്നുമാണ് അറിയുന്നതെന്നം പഞ്ചായത്ത് അംഗം പറഞ്ഞു. കുഞ്ഞിന്‍റെ അമ്മയുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തും.

അയൽവാസി പറഞ്ഞത്
അങ്കമാലി കറുകുറ്റിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണത്തില്‍ പ്രതികരിച്ച് അയവാസിയായ മണിയാണ് രംഗത്തെത്തിയത്. വീട്ടിൽ നിന്ന് കൂട്ട നിലവിളികേട്ട് ഓടി എത്തുകയായിരുന്നു എന്നും കുഞ്ഞിനെ അച്ഛൻ ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു എന്നുമാണ് മണി പറഞ്ഞത്. എന്തോ കടിച്ചതാണ് എന്നാണ് പറഞ്ഞിരുന്നത്, ചോരയിൽ കുളിച്ച അവസ്ഥയിലായിരുന്നു കുഞ്ഞ്, തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു, എന്നാല്‍ കുഞ്ഞ് അതിനകം മരിച്ചിരുന്നുവെന്നും മണി വ്യക്തമാക്കി. കഴുത്തിൽ ആഴത്തിൽ മുറിവുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായും മണി വിവരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!